Saturday, April 11, 2026
Home » ‘പ്രതിഛായ’ യിലെ ആത്മ വിക്ഷോഭങ്ങൾ
'പ്രതിഛായ' യിലെ ആത്മ വിക്ഷോഭങ്ങൾ

‘പ്രതിഛായ’ യിലെ ആത്മ വിക്ഷോഭങ്ങൾ

by Editor
Send your news and Advertisements

ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച, ബി. ഉണ്ണികൃഷ്ണൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച പ്രതിച്ഛായ എന്ന സിനിമ കണ്ടിറങ്ങിയതേയുള്ളൂ. നല്ല സിനിമകളെ സ്നേഹിക്കുന്ന ഒരാൾ എന്ന നിലയിൽ നല്ല സിനിമകളെ ഇഷ്ടപ്പെടുന്നവർക്കായി ഇതിവിടെ കുറിയ്ക്കണമെന്ന് തോന്നി. ഇതിലെ രാഷ്ട്രീയം ഇടതോ, വലതോ എന്നത് ഇതെഴുതുന്നവളെ ബാധിച്ചിട്ടില്ല. ആത്മാവിനെ മഥിച്ച ഒരു സിനിമയുടെ മൂല്യത്തെ കുറിച്ചും വ്യത്യസ്തമായ ട്രീറ്റ്മെൻറ് കുറിച്ചും എഴുതാതെ വയ്യ എന്ന് തോന്നി.

നല്ല സിനിമ എൻറെ അസ്ഥിക്ക് പിടിച്ചാൽ ഞാൻ എഴുതാറുണ്ട്. അവസാനം എഴുതിയത് കളങ്കാവൽ എന്ന സിനിമയെ കുറിച്ചാണ്. സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവും സാരാംശമായി വരുന്ന കുറേ നല്ല സിനിമകൾ എടുത്ത സംവിധായകനാണ് ബി. ഉണ്ണികൃഷ്ണൻ -ഇത്തവണ കേരള രാഷ്ട്രീയത്തിന്റെ നോവിക്കുന്ന ഒരു അധ്യായമാണ് അദ്ദേഹം നമുക്ക് പാരിതോഷികമാക്കുന്നത്. ഗതകാല ജീവിതത്തെ ഭവൽക്കാലം കൊണ്ട് പൊതിയാനുള്ള ശ്രമമല്ല, രാഷ്ട്രീയത്തിൻ്റെ വൈരുദ്ധ്യവും വൈചിത്യവും അത് സമൂഹത്തേയും രാഷ്ട്രീയക്കാരൻ്റെ കുടുംബത്തേയും എങ്ങനെ സാരമായി ബാധിക്കുന്നു എന്നാണ് പറയുന്നത്. രാഷ്ട്രീയത്തിൽ പ്രതിഛായ, സൃഷ്ടിക്കാനും സംഹരിക്കാനും മാധ്യമങ്ങൾക്കുള്ള പങ്കിനെ കുറിച്ചും ഈ സിനിമ പറഞ്ഞു വെയ്ക്കുന്നു.

ഉച്ചരിക്കപ്പെട്ട സത്യവചസ്സുകൾ, വിതയ്ക്കപ്പെട്ട വിത്തുകളാണ്. പാഴ്നിലങ്ങളിൽ പോലും, കാലം വരുമ്പോൾ അവ മുളച്ചു പൊന്തും. ഈ സത്യം നാമിത് കാണുമ്പോൾ ഓർത്തു പോകും. കെ. എൻ. വർഗീസ് എന്ന രാഷ്ട്രീയക്കാരൻ മുഖ്യമന്ത്രി, സിനിമയുടെ കേന്ദ്രകഥാപാത്രവും അന്തരാത്മാവുമാണ്. ഈ മുതിർന്ന രാഷ്ട്രീയക്കാരൻ, ശരി മാത്രം ചെയ്തുകൊണ്ടല്ല മുഖ്യമന്ത്രിയായത്. നൂറ് തെറ്റു ചെയ്തുവെങ്കിൽ നൂറ് ശരിയും ഞാൻ ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നു.

അന്യോന്യം ഹിംസാവിഷം തീണ്ടുന്ന ചില രാഷ്ട്രീയക്കാരെ കണ്ടും കേട്ടുമാണ് നാം ജീവിക്കുന്നത്. രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്ത് നിൽക്കുന്ന ബലമേ സിനിമയിലെ മുഖ്യമന്ത്രിയുടെ സർക്കാരിനുള്ളൂ. മലയാളികൾക്ക് 38 നല്ല സിനിമകൾ സമ്മാനിച്ച, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം, ഗാനാലാപനം ഇങ്ങനെ ബഹുമുഖമായ രംഗങ്ങളിൽ കഴിവിൻ്റെ മാറ്റുരച്ച, കേന്ദ്ര സർക്കാരിൻ്റെ ബഹുമതികൾ നേടിയ ബാലചന്ദ്രമേനോൻ ഈ സിനിമയിൽ ശക്തമായ ഒരു വേഷമാണ് ചെയ്യുന്നത് . KN വർഗീസ് എന്ന രാഷ്ട്രീയക്കാരനെ, മുഖ്യമന്ത്രിയെ, അതിഗംഭീരമായ ശരീര ഭാഷയിലും ഭാവഹാവാദികളാലും ഇദ്ദേഹം ഉജ്ജ്വലമാക്കുന്നു. ലളിതമനസ്കനായ ഒരു മുഖ്യമന്ത്രിയുടെ ആത്മസംഘർഷങ്ങളും ആത്മ വ്യഥകളും അദ്ദേഹത്തിൻറെ ഒരു നോട്ടത്തിലൂടെയും ഒരു ഭാവത്തിലൂടെയും നമ്മുടെ ആത്മാവിനെ നൊമ്പരപ്പെടുത്തുന്നു. ആ ഭാവ തീക്ഷ്ണത, കഥയ്ക്ക് കൂടുതൽ ഗൗരവം നൽകുന്നു. അദ്ദേഹത്തിൻ്റെ ഉഷ്ണിക്കുന്ന അനുഭവങ്ങളുടെ ചൂട് പ്രേക്ഷകരുടെ ഹൃദയത്തെ തപിപ്പിക്കുന്നു. അന്തരാത്മാവിന്റെ അഗാധ തലങ്ങളിൽ തിളച്ചു മറയുന്ന നീറുന്ന പ്രശ്നങ്ങൾ കണ്ണുകളിലെ തീക്ഷ്ഷണതയിലൂടെ പോലും പുറത്തേക്ക് ഒഴുകുകയാണ്. KN വർഗീസിൻ്റെ അന്തർസംഘർഷങ്ങളെ ഉചിത ഭാവങ്ങൾ കണ്ടെത്തി, അതിലേക്ക് സ്വാന്തരാത്മാവിനെ വിക്ഷേപണം ചെയ്തത് കൊണ്ടാണ് അഭിനയം സാർത്ഥകമാവുന്നത്.

ഈ സിനിമയുടെ പൂർവാംശത്തിൽ അച്ഛനായ ബാലചന്ദ്ര മേനോനും, ഉത്തരാംശത്തിൽ മകനായ നിവിൻ പോളിയും തകർത്തഭിനയിക്കുന്നു. അച്ഛൻ – മകൻ ബന്ധത്തിൻറെ ഊഷ്മളത ഈ സിനിമയിൽ സ്വയം പ്രകാശം പ്രസരിപ്പിക്കുന്നു. ആദ്യ ദിവസം തന്നെ സിനിമയുടെ മുഴുവൻ പറയുന്നതിൽ അർത്ഥമില്ല. അതിവിപുലമായ കാലദേശാവസ്ഥകൾ കൊണ്ട് നിയന്ത്രിതമാണ് നീതി എന്ന് നമുക്ക് ഓർമ വരും. സിനിമയിലെ അപ്രതീക്ഷിതരംഗങ്ങൾ, പ്രേക്ഷക ഹൃദയത്തെ മഥിക്കുന്നു.

കഥാപാത്രങ്ങളെ തിരഞ്ഞെടുപ്പിൽ കാണിച്ച ഔചിത്യമാണ് സിനിമയുടെ വിജയത്തിന് പ്രധാന പങ്ക് വഹിക്കുന്നത്. സായ്കുമാറിൻ്റെ നല്ല വേഷവും ഫറഫുദ്ദിൻ്റെ വില്ലൻ വേഷവും, ഹരിശ്രീ അശോകൻ, മണിയൻ പിള്ള രാജു – ആൻ അഗസ്റ്റിൻ, സവിത ആനന്ദ്, വിഷ്ണു അഗസ്റ്റിൻ അങ്ങനെ നടീ നടന്മാരെല്ലാം സിനിമയെ അവിസ്മരണീയമാക്കി. ചന്ദ്രു സെൽവരാജിൻ്റെ സിനി മറ്റോ ഗ്രാഫിയും, ജസ്റ്റിൻ വർഗീസിൻ്റെ സംഗീതവും സിനിമയിലെ പാട്ടുകളും ഹൃദയാവർജകമാണ്.

2011 -16 ലെ കേരളത്തിലെ മദ്യനയ പ്രഖ്യാപനമാണ് കഥയുടെ തുടക്കം. പാർട്ടിയിലെ തൊഴുത്തിൽ കുത്തുകൾക്കിടയിൽ നെഞ്ചുവിരിച്ച് നടന്ന മുഖ്യമന്ത്രിയാണ് കെ എൻ വർഗീസ്. ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്‌വ് കാണിക്കാതെ, മൗലികമായി കഥ ആവിഷ്കരിക്കുകയാണ് ബി. ഉണ്ണികൃഷ്ണൻ –
നല്ല കാമ്പുള്ള കുറേ ഡയലോഗുകൾ ഇതിലുണ്ട്. രാഷ്ട്രീയത്തിൽ പ്രതിഛായയേ ഉള്ളൂ വ്യക്തികൾ ഇല്ല, ജീവിച്ചിരുന്ന അപ്പനേക്കാൾ ശക്തനാണ് മരിച്ചു പോയ അച്ഛൻ -നാറാണത്തു ഭ്രാന്തനെ പേലെയാണ് കേരള രാഷ്ട്രീയം അങ്ങനെയങ്ങനെ.

ഇതിൽ മകനായി അഭിനയിച്ച നിവിൻ പോളിയുടെ അഭിനയത്തിലെ അനുപമമായ കയ്യടക്കം ശ്രദ്ധേയമാണ്. മനുഷ്യമനസ്സിന്റെ സങ്കീർണതയിലേക്കുള്ള ഉൾക്കാഴ്ചയാണ് ഈ സിനിമ നമുക്ക് നൽകുന്നത്. പച്ച മനുഷ്യരുടെ കദനങ്ങളും രാഷ്ട്രീയത്തിലെ വൈരുദ്ധ്യങ്ങളും പിന്നെ, അന്തർധാരയായി മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ മകനുമായിട്ടുള്ള സ്നേഹത്തിൻറെ ഇഴയെടുപ്പവും, അദ്ദേഹത്തിൻറെ കുടുംബജീവിതവും..

പ്രിയപ്പെട്ടവരേ, ഈ സിനിമ നമുക്ക് കുടുംബത്തോടെ ചെന്നിരുന്നു കാണാം, വികാരതീവ്രതയെതെന്നറിയാം.

സ്നേഹത്തോടെ,
കെ. പി. സുധീര

You may also like

error: Content is protected !!