Wednesday, October 15, 2025
Mantis Partners Sydney
Home » മണിപ്പൂരിനെ സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലേക്ക് നയിക്കണമെന്നു പ്രധാനമന്ത്രി; 8,500 കോടിയുടെ വികസന പദ്ധതികൾ ഉദ്​ഘാടനം ചെയ്തു.
മണിപ്പൂരിനെ സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലേക്ക് നയിക്കണമെന്നു പ്രധാനമന്ത്രി; 8,500 കോടിയുടെ വികസന പദ്ധതികൾ ഉദ്​ഘാടനം ചെയ്തു.

മണിപ്പൂരിനെ സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലേക്ക് നയിക്കണമെന്നു പ്രധാനമന്ത്രി; 8,500 കോടിയുടെ വികസന പദ്ധതികൾ ഉദ്​ഘാടനം ചെയ്തു.

by Editor

ഇംഫാൽ: മണിപ്പൂരിനെ സമാധാനത്തിൻ്റെയും വികസനത്തിൻ്റെയും പാതയിലേക്ക് കൊണ്ടുപോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരുമിച്ച് മുന്നോട്ട് പോകുന്നതിനും സമഗ്രമായ വികസനത്തിനും പരസ്‌പര ബഹുമാനവും സമാധാനവും അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇംഫാലിൽ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2023 മേയ് മാസത്തിൽ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം മണിപ്പുരിൽ ആദ്യമായി എത്തിയതായിരുന്നു പ്രധാനമന്ത്രി.

മണിപ്പൂരിൽ വിവിധ വികസനപദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തു. ചുരാചന്ദപ്പൂരിൽ നടന്ന പൊതുപരിപാടിയിൽ 8,500 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. വനവാസി സമൂഹത്തിന്റെ വികസനത്തിനായി 7,300 കോടി രൂപയുടെ പദ്ധതികൾക്ക് അദ്ദേഹം തുടക്കംകുറിച്ചു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമത്തിന്റെ ഭാ​ഗമാണ് വികസനപദ്ധതികൾ. സമാധാനത്തിന്റെ പാതയിൽ മുന്നോട്ട് പോകാനും എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാനും എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. കേന്ദ്ര സർക്കാർ മണിപ്പൂരിലെ ജനങ്ങളോടൊപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അക്രമബാധിതമായ സംസ്ഥാനത്തെ ജനജീവിതം തിരികെ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമങ്ങൾ നടത്തുന്നുണ്ട്. വികസനം കൊണ്ടുവരണമെങ്കിൽ സമാധാനം അത്യാവശ്യമാണ്. കഴിഞ്ഞ 11 വർഷത്തിനിടയിൽ വടക്കുകിഴക്കൻ മേഖലയിലെ നിരവധി സംഘർഷങ്ങളും തർക്കങ്ങളും പരിഹരിക്കപ്പെട്ടു. ജനങ്ങൾ സമാധാനത്തിന്റെ പാത തെരഞ്ഞെടുക്കുകയും വികസനത്തിന് മുൻഗണന നൽകുകയും ചെയ്തിട്ടുണ്ട്.

മണിപ്പൂർ പ്രത്യാശയുടെയും അഭിലാഷത്തിൻ്റെയും നാടാണെന്നും സമാധാനം കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വളരെ കാലമായി മനോഹരമായ ഈ പ്രദേശം അക്രമത്തിന്റെ പിടിയിലായിരുന്നു. അക്രമത്തിന് ഇരകളായി ക്യാമ്പുകളിൽ കഴിയുന്നവരെ ഞാൻ സന്ദർശിച്ചു. അവരുമായി സംസാരിച്ചു. മണിപ്പൂരിൽ പ്രതീക്ഷയുടെയും വിശ്വാസത്തിൻ്റെയും ഒരു പുതിയ പ്രഭാതം ഉദിച്ചുയരും. ഏതൊരു വികസനവും നടക്കണമെങ്കിൽ സമാധാനം സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ എല്ലാവരും സമാധാനത്തിന്റെ പാതയിലേക്ക് നീങ്ങണം. ഇംഫാലിൽ നിന്ന് ചുരാചന്ദ്പൂരിലേക്കുള്ള യാത്രാമധ്യേ എനിക്ക് ലഭിച്ച സ്നേഹം ഒരിക്കലും മറക്കാൻ കഴിയില്ല. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതികൾ മണിപ്പൂരിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു.

അതേസമയം മണിപ്പുർ കലാപം ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളൊന്നും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് കുക്കി-മെയ്തെയ് സംഘടനകളും, കലാപത്തിന്റെ ഇരകളും, കോൺഗ്രസും പ്രധാനമന്ത്രിയെ വിമർശിച്ചു.

Send your news and Advertisements

You may also like

error: Content is protected !!