ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്‌ച നടന്നത്. ഡൽഹിയിൽ നടന്ന ഉന്നതതല മന്ത്രിമാരുടെ ചർച്ചകൾക്ക് ശേഷമാണ് ചൈനീസ് വിദേശകാര്യ പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ചൈനീസ് വിദേശകാര്യ മന്ത്രിയെ കാണാൻ കഴിഞ്ഞതിലും ചർച്ച നടത്താൻ സാധിച്ചതിലും സന്തോഷമുണ്ടെന്ന് കൂടിക്കാഴ്‌ചയ്ക്ക് ശേഷം പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. എസ് സിഒ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനും അടുത്ത തങ്ങളുടെ കൂടിക്കാഴ്‌ചയ്ക്കും വേണ്ടിയും കാത്തിരിക്കുകയാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ആഗോള സമാധാനത്തിനും സമൃദ്ധിക്കും പുരോഗതി കൊണ്ടുവരുമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
അതിർത്തിയിലെ സമാധാനവും ശാന്തിയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് അനിവാര്യമാണെന്ന് പ്രധാനമന്ത്രി കൂടിക്കാഴ്‌ചയിൽ ചൂണ്ടിക്കാട്ടി. ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിക്കായി പ്രധാനമന്ത്രി ചൈനയിലേക്ക് പോകാനിരിക്കെയാണ് ഈ സുപ്രധാന കൂടിക്കാഴ്ച.
അതിര്‍ത്തി പ്രശ്നത്തിന് പരിഹാരം കാണാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനമായി. അതിനായി വിദഗ്ദ്ധ സംഘത്തെ രൂപീകരിക്കും. അതിര്‍ത്തി വ്യാപാരം പുനരാരംഭിക്കും. മൂന്ന് നിയുക്ത വ്യാപാര കേന്ദ്രങ്ങള്‍ വഴിയാകും അതിര്‍ത്തി വ്യാപാരം പുനരാരംഭിക്കുക. ലിപുലേഖ് പാസ്, ഷിപ്കി ലാ പാസ്, നാഥു ലാ പാസ് എന്നിവിടങ്ങള്‍ വഴിയാകും അതിര്‍ത്തി വ്യാപരം പുണരാരംഭിക്കുക. ഇന്ത്യയും ചൈനയും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം പുനരാരംഭിക്കും. വിനോദസഞ്ചാരികള്‍, ബിസിനസുകള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള വിസ സുഗമമാക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരങ്ങളും നിക്ഷേപങ്ങളും സുഗമമാക്കാനും തീരുമാനമായി. ഡബ്ല്യുടിഒ കേന്ദ്രീകൃതമായി ബഹുരാഷ്ട്ര വ്യാപാര സംവിധാനം നിലനിര്‍ത്താനും, വികസ്വര രാജ്യങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന ബഹുധ്രുവ ലോകത്തെ പ്രോത്സാഹിപ്പിക്കാനും തീരുമാനമുണ്ടായി. കൂടാതെ ബ്രഹ്‌മപുത്ര നദിക്ക് കുറുകെ ചൈന നിര്‍മിക്കുന്ന പുതിയ ഡാമിലും ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. തായ്‌വാൻ വിഷയത്തിലെ ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ലെന്നും അറിയിച്ചു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും വാങ് യി നയതന്ത്രല കൂടിക്കാഴ്ച നടത്തിയിരുന്നു. എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം വാങ് യി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ സന്ദർശിച്ചിരുന്നു. കഴിഞ്ഞ ഒമ്പത് മാസമായി ഇന്ത്യ- ചൈന ബന്ധത്തിൽ പുരോഗതിയുണ്ടെന്നും അതിർത്തികളിൽ സമാധാനം നിലനിർത്തുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അജിത് ഡോവൽ പറഞ്ഞു.