ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാലദ്വീപിലെത്തി. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, വിദേശകാര്യ മന്ത്രി , പ്രതിരോധമന്ത്രി, ധനമന്ത്രി, ആഭ്യന്തര സുരക്ഷാ മന്ത്രി എന്നിവർ ഉൾപ്പെടെ രാജ്യത്തെ മുതിർന്ന കാബിനറ്റ് അംഗങ്ങൾ ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. രണ്ട് ദിവസത്തെ ബ്രിട്ടീഷ് സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി മാലദ്വീപിലെത്തിയത്.
ഇന്ന് മാലദ്വീപിന്റെ അറുപതാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി. ഇന്നലെ മാലദ്വീപിലെത്തിയ നരേന്ദ്രമോദിക്ക് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തില്‍ ഊഷ്മള വരവേൽപാണ് നൽകിയത്. തുടർന്ന് ഇരു നേതാക്കളും നടത്തിയ കൂടികാഴ്ചയിൽ 8 സുപ്രധാന കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. 4850 കോടി രൂപ മാലദ്വീപിന് വായ്പ നൽകാനും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാനുമുള്ളതാണ് കരാറുകൾ.
ഇന്ത്യ – മാലദ്വീപ് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കി. മാലദ്വീപ് ഇന്ത്യയുടെ സഹയാത്രികന്‍ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മാലദ്വീപിന്റെ ഗാര്‍ഡ് ഓഫ് ഓണറും നല്‍കി. ടൂറിസം വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കും. മാലദ്വീപ് സൈന്യത്തിന് 72 വാഹനങ്ങള്‍ ഇന്ത്യ നല്‍കും. മാലദ്വീപുമായി ഇന്ത്യയ്ക്കുള്ള ബന്ധം ചരിത്രത്തെക്കാള്‍ പഴക്കമുള്ളതും കടല്‍ പോലെ ആഴമുള്ളതും എന്ന് പ്രധാനമന്ത്രി പറഞ്ഞു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയ്ക്ക് നന്ദി പറഞ്ഞു.
മുഹമ്മദ് മുയിസു അധികാരത്തിലെത്തിയതിന് പിന്നാലെ സ്വീകരിച്ച ഇന്ത്യ വിരുദ്ധ നിലപാടും, ചൈനയോട് അടുക്കാൻ ശ്രമിച്ചതും ഇന്ത്യ മാലദ്വീപ് ബന്ധം തീർത്തും വഷളാക്കിയിരുന്നു. തുടർന്ന് ഇന്ത്യയിൽനിന്നുള്ള വിനോദ സഞ്ചാരികളുടെ അടക്കം വരവ് നിലച്ചത് മാലദ്വീപിന് വൻ തിരിച്ചടിയായി. ശേഷം മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തിയതിന് ശേഷമാണ് ബന്ധം മെച്ചപ്പെട്ടത്.
സന്ദർശനം പൂർത്തിയാക്കി മോദി ഇന്ന് തിരിച്ചെത്തും.