Saturday, April 11, 2026
Home » ഷോൺ സത്യമേ പറയൂ, മെത്രാൻമാർ ഊളത്തരം കാണിക്കുന്നുവെന്ന് പി സി ജോർജ്; എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് അല്ല രാഷ്ട്രീയ പ്രവർത്തനം എന്ന് കത്തോലിക്കാ കോൺഗ്രസ്.
പി സി ജോർജ് ഷോൺ ജോർജ്

ഷോൺ സത്യമേ പറയൂ, മെത്രാൻമാർ ഊളത്തരം കാണിക്കുന്നുവെന്ന് പി സി ജോർജ്; എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് അല്ല രാഷ്ട്രീയ പ്രവർത്തനം എന്ന് കത്തോലിക്കാ കോൺഗ്രസ്.

by Editor
Send your news and Advertisements

കോട്ടയം: ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിന് പിന്നാലെ കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തി പി.സി.ജോർജ്. കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാന്‍ പറഞ്ഞുവെന്ന് പി സി ജോര്‍ജ് പറഞ്ഞു. മര്യാദ കേടാണ് കാണിച്ചതെന്ന് പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. സഭയ്ക്ക് ഗുണം ലഭിച്ചത് തന്നെ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെത്രാൻമാർ രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ഒരു ബഹുമാനവും കാണിക്കില്ലെന്നും പി.സി.ജോർജ് പറഞ്ഞു.

ഷോൺ എന്റെ മകനാണ്. അവൻ സത്യമേ പറയൂ. കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞു, മര്യാദയാണോ കാണിച്ചത്. പൂഞ്ഞാറിൽ നിൽക്കുന്ന സ്ഥാനാർഥികളിൽ സഭയ്ക്ക് എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടെങ്കിൽ അത് ഞാനാണ്. എന്ത് കിട്ടിയിട്ടാണ് നാണംകെട്ടവർ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് പറയുന്നത്.” പി.സി.ജോർജ് ചോദിച്ചു. ‘വിദേശത്തുനിന്ന് പണം വാങ്ങിക്കുന്നതിന് കണക്ക് നൽകിയാൽ എന്താണ് കുഴപ്പം? എഫ്‌സിആർഎ ബില്ല് വരുമെന്നും എതിർക്കുന്നവർക്ക് വീട്ടിൽ പോകാമെന്നും ജോർജ് കൂട്ടിച്ചേർത്തു. ദീപിക പത്രം വായിക്കുന്നവന് വട്ടാണ്. മെത്രാന്മാരല്ല സഭ. ഇവര് പറയുന്നത് മുഴുവൻ കേട്ട് നിൽക്കാനാകില്ല എന്നും ജോർജ് പറഞ്ഞു. താൻ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് പൂഞ്ഞാറിൽ വിജയിക്കുമെന്നും പി.സി. ജോർജ് അവകാശപ്പെട്ടു.

ദീപിക പത്രത്തിനെതിരെ വിമര്‍ശനവുമായി പി സി ജോർജിന്റെ മകനും ബിജെപി നേതാവുമായ ഷോണ്‍ ജോര്‍ജും രംഗത്തെത്തിയിരുന്നു. ദീപികയിലെ ചില വ്യക്തികള്‍ രാഷ്ട്രീയം കളിക്കുകയാണ് എന്നും നിക്ഷേപകര്‍ക്ക് വേണ്ടി വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണ് എന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഇതെല്ലാം നിയന്ത്രിക്കപ്പെടേണ്ടതാണ് എന്നും സഭാ പിതാക്കന്മാരോട് താന്‍ പരാതി അറിയിക്കുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. സഭയുടെ ആശങ്കകള്‍ എല്ലാം ബിജെപി അംഗീകരിച്ചു. എന്നാല്‍ ദീപികയില്‍ വരുന്നത് കോണ്‍ഗ്രസ് പരസ്യങ്ങളാണ്. പിതാക്കന്മാരുടെ ലേബലില്‍ യുഡിഎഫിന് വേണ്ടി ചിലര്‍ വീടുപണി ചെയ്യുകയാണ്. ദീപിക ഇത് നിര്‍ത്തണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ദീപിക പത്രത്തിലൂടെ പറഞ്ഞു. സഭയുടെ നിലപാട് ഇതാണെങ്കിൽ തങ്ങൾക്കും സഭയെ വേണ്ടെന്ന് വെക്കേണ്ടി വരും. സഭയ്ക്കുവേണ്ടി വാദിക്കുന്ന തന്നോട് സഭയിൽനിന്ന് എന്ത് ലഭിച്ചുവെന്ന് അമിത് ഷാ ചോദിച്ചാൽ എന്ത് മറുപടിയാണ് താൻ പറയേണ്ടതെന്നും ഷോൺ ജോർജ് ചോദിച്ചു.

മറുപടിയുമായി കത്തോലിക്കാ കോൺഗ്രസ്.

മെത്രാന്മാരെ രൂക്ഷമായി വിമർശിച്ച പി.സി ജോർജിന് ശക്തമായ മറുപടിയുമായി കത്തോലിക്കാ കോൺഗ്രസ്. രാഷ്ട്രീയ പ്രവർത്തനം എന്നത് എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് അല്ല. പി.സി ജോർജിനെപ്പോലെയുള്ള രാഷ്ട്രീയ കോമരങ്ങൾ കേരള രാഷ്ട്രീയത്തിന് തന്നെ വലിയ മാനക്കേടാണെന്നും കത്തോലിക്കാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത വ്യക്തമാക്കി. സംസ്ഥാനത്തെ വോട്ടെടുപ്പിന് പിന്നാലെ സഭയ്ക്കെതിരെ പി.സി ജോർജ് ഉന്നയിച്ച ആരോപണങ്ങൾ തീർത്തും വ്യാജമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ചൂണ്ടിക്കാട്ടി. കാഞ്ഞിരപ്പള്ളി ബിഷപ് ചില സ്ഥലങ്ങളിൽ യുഡിഎഫിന് വോട്ട് ചെയ്യാൻ നിർദേശിച്ചു എന്നായിരുന്നു പി.സി ജോർജിൻ്റെ പ്രധാന ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ പൂർണമായും അടിസ്ഥാനാ രഹിതമാണെന്ന് സംഘടന വ്യക്തമാക്കി. ജോർജിന്റെ ഇത്തരം പ്രസ്താവനകൾ രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്നും സംഘടന കുറ്റപ്പെടുത്തി.

ഇതിനിടെ പാലായിൽ വിജയമുറപ്പാണെന്ന് അവകാശപ്പെട്ട് എൽഡിഎഫ് യുഡിഎഫ് സ്ഥാനാർഥികൾ രംഗത്തെത്തി. ആറായിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ അവകാശപ്പെട്ടു. ജയം ഉറപ്പാണെന്നും പോളിങ് ശതമാനത്തിലെ വർധന എൽഡിഎഫിന് അനുകൂലമാണെന്നും ജോസ് കെ.മാണി കൂട്ടിച്ചേർത്തു.

Assembly Election Keralam 2016: Candidates >>

You may also like

error: Content is protected !!