ഇസ്താംബൂളിൽ നടക്കുന്ന ചർച്ചയിൽ സമയവായത്തിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ അഫ്ഗാനിസ്ഥാനുമായി തുറന്ന യുദ്ധത്തിന് സാധ്യതയെന്ന് പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. “രണ്ട് മണിക്കൂർ മുമ്പ് ഞാൻ അഫ്ഗാൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. നാളെയോടെ ഫലം വ്യക്തമാകും. പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ, യുദ്ധം ഉണ്ടാകും. ഒരു കരാറും നടന്നില്ലെങ്കിൽ, അവരുമായി ഒരു തുറന്ന യുദ്ധമുണ്ടാകാം. പക്ഷേ അവർ സമാധാനം ആഗ്രഹിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു”- എന്നായിരുന്നു ഇന്നലെ ഖ്വാജ ആസിഫ് പറഞ്ഞത്.
ശനിയാഴ്ച തുർക്കിയിലെ ഇസ്താംബൂളിൽ രണ്ടാം ഘട്ട ചർച്ചകൾ ആരംഭിച്ചിരുന്നു. രണ്ടാഴ്ച്‌ച നീണ്ടുനിന്ന കനത്ത ഏറ്റുമുട്ടലുകൾക്ക് ശേഷം സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിനും ഇരു രാജ്യങ്ങളും പങ്കിടുന്ന അതിർത്തിയിൽ ശാശ്വതമായ വെടിനിർത്തൽ സ്ഥാപിക്കുന്നതിനുമാണ് ഉഭയകക്ഷി ചർച്ചകൾ ലക്ഷ്യമിടുന്നത്. ദോഹ ചർച്ചകൾക്കിടെ പ്രഖ്യാപിച്ച സ്ഥിരത നിലനിർത്താനുള്ള സംവിധാനങ്ങളെ കുറിച്ച് ഇന്നലെ ആരംഭിച്ച ചർച്ചകളിൽ പ്രതിനിധികൾ രൂപരേഖ തയ്യാറാക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ചർച്ചകൾക്കായി ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ഹാജി നജീബിൻ്റെ നേതൃത്വത്തിലുള്ള അഫ്‌ഗാൻ പ്രതിനിധി സംഘം വെള്ളിയാഴ്‌ച തന്നെ തുർക്കിയിൽ എത്തിയിരുന്നു. രണ്ടംഗ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘമാണ് പാക്കിസ്ഥാനെ പ്രതിനിധീകരിച്ച് എത്തിയത്.
പാക്കിസ്ഥാനെ ആക്രമിക്കുന്ന താലിബാൻ തീവ്രവാദികളെ നിയന്ത്രിക്കണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ മാസം ആദ്യം സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കാബൂളിലുണ്ടായ സ്ഫോടനങ്ങൾക്ക് പിന്നാലെ ഏറ്റുമുട്ടൽ രൂക്ഷമായി. അതേസമയം താലിബാൻ ആരോപണം നിരസിക്കുകയും പാക്കിസ്ഥാന്റെ സൈനിക നടപടികൾ അഫ്ഗാൻ പരമാധികാരത്തെ ലംഘിക്കുന്നുവെന്ന് തിരിച്ചടിക്കുകയും ചെയ്തു. സാധാരണക്കാർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ട ഏറ്റുമുട്ടലിന് പിന്നിൽ പാക്കിസ്ഥാനാണെന്ന് താലിബാൻ സർക്കാർ ആരോപിക്കുകയും തുടർന്ന് അതിർത്തിയിൽ തിരിച്ചടികൾ ആരംഭിക്കുകയുമായിരുന്നു. തുടക്കത്തിൽ ഇരുപക്ഷവും വെടിനിർത്തലിന് സമ്മതിച്ചെങ്കിലും പാക്കിസ്ഥാനെ അഫ്‌ഗാനിസ്ഥാൻ കുറ്റപ്പെടുത്തിയതോടെ ഏതാനും ദിവസങ്ങൾക്കുള്ളിൽ സമാധാനം തകരുകയായിരുന്നു. ഖത്തറിൻ്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ രണ്ടാമതും വെടിനിർത്തൽ കരാർ ഉണ്ടാക്കിയിരുന്നു.



