ഇസ്ലാമാബാദ്: ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിച്ച് ഗാസയിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതി സംബന്ധിച്ച നിലപാടിൽ മലക്കംമറിഞ്ഞ് പാക്കിസ്ഥാൻ. നേരത്തെ ട്രംപിൻ്റെ ഇരുപത് നിർദേശത്തെ പിന്തുണച്ച പാക്കിസ്ഥാൻ ഇപ്പോൾ അതിൽ നിന്ന് പിൻവാങ്ങിയതായാണ് റിപ്പോർട്ട്. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളുടെ സംഘം യു.എസിന് മുന്നിൽ വെച്ചിരുന്ന കരട് നിർദേശവുമായി പൊരുത്തപ്പെടുന്നതല്ല ട്രംപിൻ്റെ പദ്ധതിയെന്ന് പാക് വിദേശകാര്യ മന്ത്രി പാക്കിസ്ഥാൻ പാർലമെന്റിൽ വ്യക്തമാക്കി. തങ്ങൾ പിന്തുണച്ച പദ്ധതിയിൽ പിന്നീട് യുഎസ് മാറ്റങ്ങൾ വരുത്തിയെന്നായിരുന്നു പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറുടെ പ്രതികരണം.
ട്രംപിന്റെ സമാധാന പദ്ധതിക്ക് പാക്കിസ്ഥാൻ നൽകിയ പരസ്യ പിന്തുണ രാജ്യത്തിനകത്ത് വലിയ രോഷത്തിന് കാരണമായതിനെ തുടർന്നാണ് ഇഷാഖ് ദാറിൻ്റെ വിശദീകരണം. ഗാസ സമാധാന കരാറിനെ പിന്തുണച്ചതിന് പാക്കിസ്ഥാൻ നേതാക്കളെ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രശംസിച്ച് ദിവസങ്ങൾക്കകമാണ് പാകിസ്ഥാന്റെ നിലപാട് മാറ്റം.
അതിനിടെ ഹമാസിന് അന്ത്യശാസനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ 20 നിര്‍ദേശങ്ങളടങ്ങിയ ഗാസ പദ്ധതിയില്‍ ഞായറാഴ്ച ആറ് മണിക്കുള്ളില്‍ മറുപടി നല്‍കണമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇല്ലെങ്കില്‍ ഹമാസ് വലിയ പ്രത്യാഘാതം നേരിടുമെന്ന് ട്രംപ് തന്റെ ട്രൂത്ത് പോസ്റ്റില്‍ പറഞ്ഞു.
ചൊവ്വാഴ്ച ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുപത് നിര്‍ദേശങ്ങളടങ്ങുന്ന ഗാസ പദ്ധതി കരാര്‍ തയ്യാറാക്കിയത്. യുദ്ധം അവസാനിപ്പിക്കാന്‍ ഇരുപത് നിര്‍ദേശങ്ങളാണ് ട്രംപ് മുന്നോട്ടുവെച്ചത്. ഇവ നെതന്യാഹു അംഗീകരിച്ചിരുന്നു. ഗാസ ഭരിക്കുന്ന ഹമാസ് ആയുധം താഴെവെക്കണമെന്നായിരുന്നു ട്രംപ് മുന്നോട്ടുവെച്ച പ്രധാന നിർദേശങ്ങളിൽ ഒന്ന്. കൂടാതെ യുഎസ് പ്രസിഡൻ്റ് അധ്യക്ഷനായ ഒരു സമിതി ഗാസയുടെ ഭരണം നിർവഹിക്കണമെന്നും നിർദേശത്തിൽ പറഞ്ഞിരുന്നു. പാലസ്‌തീൻ മേഖലയിൽ നിന്ന് ഇസ്രയേൽ ഘട്ടം ഘട്ടമായി പിന്മാറുന്നതിനും ബന്ദികളെ കൈമാറുന്നതിനും അറബ് രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെ ഗാസ പുനർനിർമ്മിക്കുന്നതിനുമുള്ള വ്യവസ്ഥകളും നിർദേശത്തിൽ ഉൾപ്പെടുന്നു. എന്നാൽ പാലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനെക്കുറിച്ച് നിർദേശത്തിൽ പറയുന്നുമില്ല