ക്വറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്വറ്റയിലെ പാകിസ്ഥാൻ എഫ്‌സി (ഫ്രോണ്ടിയർ കോൺസ്റ്റാബുലറി) ആസ്ഥാനത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. ശക്തമായ സ്ഫോടനത്തിൽ മോഡൽ ടൗണിൻ്റെ ഭാഗത്തുള്ള വീടുകളുടേയും കെട്ടിടങ്ങളുടേയും ചില്ലുകൾ തകർന്നതായി പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് വെടിയൊച്ചയും കേട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജനം പരിഭ്രാന്തരായി. രക്ഷാപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. സൈന്യവും പൊലീസും നഗരത്തിലാകെ സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. സ്ഫോടകവസ്‌തുക്കൾ നിറച്ച വാഹനം റോഡിൽ നിന്ന് മറ്റൊരു റോഡിലേക്ക് തിരിയുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ക്വറ്റയിലെ സ്പെഷ്യൽ ഓപ്പറേഷൻസ് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്‌പി) മുഹമ്മദ് ബലൂച് പറഞ്ഞു.
സ്ഫോടനത്തിന് ശേഷവും സമീപ പ്രദേശങ്ങളിൽ വെടിയൊച്ചകൾ കേട്ടത് പരിസരവാസികളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. പ്രതികൾക്കായി പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സിറ്റിയിലെ ആശുപത്രികളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
സ്ഫോടനത്തിൽ അഞ്ച് പേർ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചെന്നും ബാക്കിയുള്ളവർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയുമാണ് മരണപ്പെട്ടതെന്നും ബലൂചിസ്ഥാൻ ആരോഗ്യ മന്ത്രി ബഖ്ത് മുഹമ്മദ് കക്കർ അറിയിച്ചു. വെടിവെപ്പിലും സ്ഫോടനത്തിലുമായി രണ്ട് എഫ് സി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ആരും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിട്ടില്ലെങ്കിലും ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയാണ് സംശയദൃഷ്ടിയിലുള്ളത്. ക്വറ്റ തലസ്ഥാനമായ പ്രവിശ്യയിൽ ഇത്തരം ആക്രമണങ്ങൾ ഇതിന് മുൻപ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി നടത്തിയിട്ടുണ്ട്.