Sunday, March 29, 2026
Home » ഭീകരതയുടെ സുരക്ഷിത താവളമായി പാക്കിസ്ഥാൻ തുടരുന്നു എന്ന് യുഎസ് കോൺഗ്രഷണൽ റിപ്പോർട്ട്
പാക്കിസ്ഥാൻ

ഭീകരതയുടെ സുരക്ഷിത താവളമായി പാക്കിസ്ഥാൻ തുടരുന്നു എന്ന് യുഎസ് കോൺഗ്രഷണൽ റിപ്പോർട്ട്

by Editor
Send your news and Advertisements

വാഷിംഗ്‌ടൺ: ഭീകരതയുടെ സുരക്ഷിത താവളമായി പാക്കിസ്ഥാൻ തുടരുന്നു എന്ന മുന്നറിയിപ്പുമായി യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസ് (CRS) പുതിയ റിപ്പോർട്ട് പുറത്തുവിട്ടു. 2026 മാർച്ചിലെ ഈ റിപ്പോർട്ട് പ്രകാരം, പതിറ്റാണ്ടുകളായുള്ള സൈനിക നടപടികൾക്കിടയിലും ഭീകര സംഘടനകൾക്ക് പാക് മണ്ണിൽ ഇപ്പോഴും പ്രവർത്തനസ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കുന്നു. വർഷങ്ങളോളം നീണ്ട സൈനിക നടപടികൾക്കും നയതന്ത്ര നീക്കങ്ങൾക്കും ശേഷവും പാക്കിസ്ഥാൻ മണ്ണിൽ ഭീകര ഗ്രൂപ്പുകൾ സ്വതന്ത്രമായി വിഹരിക്കുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ലഷ്കർ-ഇ-തൊയ്ബ (LeT), ജെയ്ഷെ മുഹമ്മദ് (JeM) ഉൾപ്പെടെയുള്ള 15 ഓളം ഭീകര സംഘടനകൾ പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 12 എണ്ണം അമേരിക്ക വിദേശ ഭീകര സംഘടനകളായി പ്രഖ്യാപിച്ചവയാണ്. പാക്കിസ്ഥാൻ ഈ ഭീകരസംഘടനകളുടെ സുരക്ഷിത കേന്ദ്രം മാത്രമല്ല, മറിച്ച് അവരുടെ തന്നെ ആക്രമണങ്ങളുടെ ഇര കൂടിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ലഷ്കർ-ഇ-തൊയ്ബയും 2001-ലെ ഇന്ത്യൻ പാർലമെന്‍റ് ആക്രമണത്തിൽ പങ്കുണ്ടായിരുന്ന ജയ്ഷെ മുഹമ്മദും ഇപ്പോഴും പാക് മണ്ണിൽ സജീവമാണെന്നത് ഇന്ത്യയുടെ ആശങ്കകൾ ശരിവെക്കുന്നതാണ്.

ഇന്ത്യയെയും കാശ്മീരിനെയും ലക്ഷ്യം വയ്ക്കുന്ന ഭീകര ഗ്രൂപ്പുകൾക്ക് പാക്കിസ്ഥാനിൽ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാണെന്നും, പ്രധാനമായും പഞ്ചാബ് പ്രവിശ്യയിലും പാക് അധീന കാശ്മീരിലും ഇവർ സജീവമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭീകരതയെ തുടച്ചുനീക്കാൻ പാക്കിസ്ഥാൻ സ്വീകരിച്ച സൈനിക-നയതന്ത്ര നടപടികൾ യുഎസും ഐക്യരാഷ്ട്രസഭയും നിരോധിച്ച ഗ്രൂപ്പുകളെ ഇല്ലാതാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

പാക്കിസ്ഥാനിലെ ഭീകരാക്രമണങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. 2025-ൽ മാത്രം 4,001 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ പാക്കിസ്ഥാനിൽ ഭീകരപ്രവർത്തനങ്ങൾ കുത്തനെ വർദ്ധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ലോകത്ത് ഭീകരവാദം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായി പാകിസ്ഥാൻ മാറിയിരിക്കുന്നു. അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾക്ക് നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിനായി തയ്യാറാക്കിയ ഈ സ്വതന്ത്ര റിപ്പോർട്ട്, പാകിസ്ഥാന്‍റെ ഇരട്ടത്താപ്പിനും മേഖലയിലെ അസ്ഥിരതയ്ക്കും എതിരെ വിരൽചൂണ്ടുന്നതാണ്.

യുഎസ് പാക്കിസ്ഥാനെ ലക്ഷ്യമിട്ടാൽ ഡൽഹിയും മുംബൈയും ആക്രമിക്കണമെന്ന് മുൻ പാക് ഹൈകമ്മീഷണർ

You may also like

error: Content is protected !!