ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ തങ്ങൾക്ക് പങ്കുണ്ടെന്ന അവകാശവാദവുമായി പാക് മന്ത്രി. ചൗധരി അൻവാറുൽ ഹഖാണ് അവകാശവാദം ഉന്നയിച്ചത്. ചെങ്കോട്ട മുതൽ കശ്‌മീരിലെ വനങ്ങൾ വരെ തങ്ങൾ ആക്രമിക്കുമെന്നും ഞങ്ങൾ അത് ചെയ്യുമെന്നും ചൗധരി അൻവാറുൽ പറഞ്ഞു. ഈ പ്രസ്‌താവനയിൽ പാക്കിസ്ഥാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാക്കിസ്ഥാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് അന്വേഷണസംഘം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. എന്നിരുന്നാലും ഭീകരാക്രമണത്തിൽ പ്രതികരിക്കാൻ പാക്കിസ്ഥാൻ തയാറായിരുന്നില്ല. ഇതിനിടെയാണ് പാക് മന്ത്രിയുടെ അവകാശവാദം.
ഇന്ത്യയുമായി സമ്പൂര്‍ണ്ണ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും പറഞ്ഞു. രാജ്യത്തിന് നേരെയുള്ള അഫ്ഗാന്‍ ആക്രമണങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ചെങ്കോട്ടയ്ക്ക് സമീപം ഭീകരാക്രമണം നടത്തിയ ശേഷം ഇന്ത്യയ്ക്കെതിരെ കൂടുതൽ ആക്രമണങ്ങൾക്ക് ജെയ്ഷെ മുഹമ്മദ് ഭീകരർ ശ്രമിച്ചതായി റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഭീകരാക്രമണത്തിന് പാക്കിസ്ഥാനിലെ ജനങ്ങളിൽ നിന്ന് ജെയ്ഷെ ഭീകരർ പണം ശേഖരിച്ചിട്ടുണ്ടെന്നും ഇതിനായി പാക് ആപ്പായ സാഡാപേ ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഭീകരരുടെ താമസം, ഭക്ഷണം, വസ്ത്രം എന്നിവയ്‌ക്കായാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്. കൂടുതൽ വിവരങ്ങൾ അന്വേഷണ ഏജൻസികൾ അന്വേഷിച്ചുവരികയാണ്.
ഓപ്പറേഷൻ സിന്ദൂറിന് ശേഷമാണ് ജെയ്ഷെ മുഹമ്മദിൻ്റെ വനിതാ യൂണിറ്റ് ആരംഭിച്ചത്. ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിൻ്റെ സഹോദരി സാദിയയുടെ നേതൃത്വത്തിൽ ‘ജമാതുൽ-മുമിനാത്’ എന്ന പേരിൽ ആണ് വനിതാ വിഭാഗം രൂപീകരിച്ചത്. ഇതിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ നേതൃത്വത്തിൽ ചാവേർ ആക്രമണമാണ് പദ്ധതിയിടുന്നതെന്നാണ് സൂചന. ചെങ്കോട്ട സ്ഫോടനത്തിലെ പ്രധാന പ്രതികളിലൊരാളായ, ഡോ. ഷഹിന സയീദ് ഈ യൂണിറ്റിലെ അംഗമാണെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ‘മാഡം സർജൻ’ എന്ന കോഡ് നാമത്തിൽ അറിയപ്പെട്ടിരുന്ന ഇവർ ചെങ്കോട്ട ആക്രമണത്തിന് സാമ്പത്തിക സഹായം നൽകിയതിന് പിന്നിൽ പ്രവർത്തിച്ചതായും കരുതപ്പെടുന്നു. ഷഹീനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 19 സ്ത്രീകൾക്കായി അന്വേഷണ ഏജൻസികൾ തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഷഹീന്റെ പ്രസംഗങ്ങളിൽ ആകൃഷ്ടരായി തീവ്രവാദ ആശയങ്ങളിലേക്ക് സ്വാധീനിക്കപ്പെട്ടവരാണ് ഇവരെന്നാണ് സംശയം.
അതിനിടെ ചെങ്കോട്ട സ്ഫോടനത്തിൻ്റെ മുഖ്യ ആസൂത്രണം നടന്ന കേന്ദ്രമായി അന്വേഷണ സംഘം കരുതുന്ന ഹൈദരാബാദിലെ അൽ ഫലാ സർവകലാശാലയിൽ നിന്ന് പത്ത് പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. ഇവരിൽ മൂന്ന് പേർ കശ്മീരികളെന്നാണ് വിവരം. എല്ലാവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ജമ്മു കശ്മീർ-ഹരിയാന പൊലീസ് സേനകൾ അൽ ഫലാ സർവകലാശാല കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച സൂചന ലഭിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചെങ്കോട്ട സ്ഫോടനവുമായി ബന്ധമുള്ളവരാകാം ഇവരെന്ന് അന്വേഷണ സംഘങ്ങൾ സംശയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം അൽ ഫലാഹ് സർവകലാശാല ചെയർമാനെ അറസ്റ്റ് ചെയ്‌തിരുന്നു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് അൽ ഫലാഹ് സർവകലാശാല ചെയർമാനായ ജാവേദ് അഹമ്മദ് സിദ്ദീഖിയാണ് അറസ്റ്റിലായത്. ഇന്നലെ നടന്ന റെയ്ഡിന് പിന്നാലെയാണ് ഇഡിയുടെ നടപടി. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ചാവേറായ ഡോക്ടർ ഉമർ നബിയുടെയും ഫരീദാബാദിൽ അറസ്റ്റിലായ മുസമിലിന്റെയും അൽ ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ മുറികളിൽ നിന്ന് പിടിച്ചെടുത്ത ഡയറിയില്‍ വലിയ സ്ഫോടന പരമ്പരയാണ് ആസൂത്രണം ചെയ്തതെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.



