ഇസ്ലാമാബാദ്: രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിൽ 48 മണിക്കൂർ താൽകാലിക വെടിനിർത്തലിന് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും. ഇന്നലെ ഇരുഭാഗത്തും കനത്ത ആൾനാശമുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണു വെടിനിർത്താൻ തീരുമാനം. ബുധനാഴ്‌ച വൈകുന്നേരം ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ നടന്ന ആക്രമണത്തിൽ അമ്പതോളം പേർക്ക് ജീവൻ നഷ്‌ടമാകുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
ഇന്ത്യൻ സമയം വൈകുന്നേരം 6:30 നാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. അഫ്ഗാനിസ്ഥാൻ വെടിനിർത്തൽ ആവശ്യപ്പെട്ടതായാണ് പാകിസ്ഥാൻ അവകാശപ്പെട്ടത്. അതേസമയം വെടിനിർത്തലിനെക്കുറിച്ചോ ഏറ്റുമുട്ടൽ താൽകാലികമായി നിർത്താൻ ആരാണ് ആവശ്യപ്പെട്ടത് എന്നതിനെക്കുറിച്ചോ അഫ്ഗാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഒരു പാക് ആർമി ഔട്ട്പോസ്റ്റ് നശിപ്പിച്ചെന്ന് താലിബാൻ്റെ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. സങ്കീർണമായ പ്രശ്നത്തിന് ക്രിയാത്മകമായ പരിഹാരം കണ്ടെത്താൻ ഇരുപക്ഷവും ചർച്ചയിലൂടെ ആത്മാർഥമായ ശ്രമങ്ങൾ നടത്തുമെന്ന് പാക്കിസ്ഥാൻ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.
താലിബാൻ വിദേശകാര്യ മന്ത്രി മുത്തഖിയുടെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് പാക്കിസ്ഥാൻ ആക്രമണം ആരംഭിച്ചത്. പാക്കിസ്ഥാനെ തള്ളി അഫ്ഗാൻ ഇന്ത്യയുമായി അടുക്കാൻ ശ്രമം നടത്തിയതും നയതന്ത്ര ബന്ധം പുനസ്ഥാപിക്കാൻ ശ്രമിച്ചതുമാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചത്. കാബൂളിൽ എംബസി തുറക്കുന്ന കാര്യവും ഇന്ത്യയുടെ പരിഗണനയിലാണ്.
അഫ്ഗാൻ–പാക് അതിർത്തിയായ ഡ്യൂറൻഡ് ലൈനിനോടു ചേർന്നുള്ള പാക് ജില്ലയായ ചമൻ, അഫ്ഗാൻ ജില്ലയായ സ്പിൻ ബോൾദക് എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഏറ്റുമുട്ടൽ. കാബൂളിലെ വ്യോമാക്രമണത്തിന് തിരിച്ചടിയായാണ് താലിബാൻ സേന അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ പാക്കിസ്ഥാൻ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ ആരംഭിച്ചത്. അഫ്ഗാൻ താലിബാൻ സൈന്യം പാക്ക് സൈന്യത്തിന്റെ നിരവധി അതിർത്തി പോസ്റ്റുകളും ടാങ്കും പിടിച്ചെടുത്തിരുന്നു. പ്രദേശത്ത് ഭീകരാക്രമണം നടത്തുന്ന തോക്കുധാരികളെ അഫ്ഗാനിസ്ഥാൻ പിന്തുണയ്ക്കുന്നുവെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. 2021 ൽ താലിബാൻ അഫ്ഗാൻ്റെ അധികാരം പിടിച്ച ശേഷം ആക്രമണങ്ങൾ വർധിച്ചതായി പാക് സർക്കാർ ആരോപിച്ചിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാൻ ഈ ആരോപണങ്ങൾ നിഷേധിച്ചു.