ഇസ്ലാമബാദ്: ഗാസയിൽ സമാധാനം പുനസ്ഥാപിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ സമിതിയിൽ ഔദ്യോഗികമായി അംഗത്വം സ്വീകരിച്ച് പാക്കിസ്ഥാൻ. ബുധനാഴ്ച നടന്ന യോഗത്തിൽ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അതേസമയം സമിതിയിൽ അംഗമാകുന്നതിന് നിശ്ചയിച്ചിട്ടുള്ള ഒരു ബില്യൺ ഡോളർ അംഗത്വ ഫീസ് പാക്കിസ്ഥാൻ നൽകുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഗാസയുടെ സമാധാനത്തിനായി ഡോണൾഡ് ട്രംപ് രൂപീകരിച്ച സമാധാന ബോർഡിൽ ചേരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അറിയിച്ചു. ഗാസയുടെ മേൽനോട്ട സമിതിയിലെ ഖത്തറിന്റെയും തുർക്കിയുടെയും പങ്കാളിത്തത്തിൽ വിയോജിപ്പ് നിലനിൽക്കെയാണ് ഇസ്രയേലിന്റെ ഈ സുപ്രധാന തീരുമാനം. നിരവധി രാഷ്ട്രങ്ങൾ ഇനിയും നിലപാട് പ്രഖ്യാപിക്കാനിരിക്കെ 60 രാഷ്ട്ര നേതാക്കളുൾപ്പെടുന്ന ബോർഡിൽ ഇസ്രയേലിന്റെ പങ്കാളിത്തം എന്ത് ചലനങ്ങളുണ്ടാക്കും എന്നത് നിർണായകമാണ്. നേരത്തെ ഇതേ ബോർഡിന് കീഴിൽ ഗാസയുടെ മേൽനോട്ടത്തിനും സുരക്ഷയ്ക്കുമായി രൂപീകരിച്ച എക്സിക്യൂട്ടിവ് ബോർഡിൽ ഖത്തറിന്റെയും തുർക്കിയുടെയും പങ്കാളിത്തത്തിന് എതിരെ ഇസ്രയേൽ നിലപാടെടുത്തിരുന്നു.
ട്രംപിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് പാക്കിസ്ഥാൻ സമിതിയുടെ ഭാഗമാകുന്നത്. ഗാസയിൽ സ്ഥിരമായ വെടിനിർത്തൽ നടപ്പിലാക്കുക, ദുരിതാശ്വാസ പ്രവർത്തനങ്ങൾ സുഗമമാക്കുക, ഗാസയുടെ പുനർ നിർമാണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയവയാണ് സമിതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സുപ്രധാന നീക്കത്തിന്റെ ഭാഗമായി പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീർ സ്വിറ്റ്സർലൻഡിലെ ദാവോസിലേക്ക് തിരിച്ചു. ദാവോസിൽ അദ്ദേഹം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനൊപ്പം ഡൊണാൾഡ് ട്രംപിനെ കാണാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കി അൽ-ഖുദ്സ് അൽ-ഷെരീഫ് (ജറുസലേം) തലസ്ഥാനമായി സ്വതന്ത്രവും പരമാധികാരമുള്ളതുമായ പാലസ്‌തീൻ രാജ്യം രൂപവൽകരിക്കണമെന്ന നിലപാടിലാണ് പാക്കിസ്ഥാൻ ഉറച്ച് നിൽക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾക്ക് അനുസൃതമായി ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ പാലസ്‌തീൻ ജനതയുടെ സ്വയംഭരണാവകാശം ഉറപ്പാക്കാൻ ഈ നീക്കത്തിലൂടെ സാധ്യമാകുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ വ്യക്തമാക്കി.
പ്രധാനപ്പെട്ട ചില രാജ്യങ്ങൾ ഇതുവരെ ക്ഷണത്തിൽ വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ല. ‘ബോർഡ് ഓഫ് പീസ്’ സമിതിയിൽ അംഗമാകുന്നതിന് ഇന്ത്യയെയും ട്രംപ് ക്ഷണിച്ചിരുന്നെങ്കിലും ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഭാവിയിൽ അന്താരാഷ്ട്ര തലത്തിലടക്കം സുപ്രധാനമായ കശ്മീർ വിഷയത്തിലും ട്രംപ് ഇതേ നയം സ്വീകരിക്കുമോ എന്നതാണ് ഇന്ത്യയുടെ ആശങ്ക. ഐക്യരാഷ്ട്ര സഭാ ഏജൻസികളുടെ പ്രാധാന്യത്തെ ബോർഡ് ബാധിക്കുമോ എന്ന ചർച്ചകളും സജീവമാണ്. ട്രംപ് പങ്കെടുക്കുന്ന ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ ഇക്കാര്യത്തിലടക്കം സുപ്രധാന പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
ട്രംപിന്‍റെ ഗാസ ‘ബോർഡ് ഓഫ് പീസി’ൽ യുഎഇ അംഗമാകും; നിലപാട് വ്യക്തമാക്കാതെ ഇന്ത്യ.



