Sunday, August 31, 2025
Mantis Partners Sydney
Home » ഓണം സമാധാനത്തിന്റെയും സഹോദര്യത്തിന്റെയും ആ​ഗോള ഉത്സവമാകണം-കാതോലിക്കാ ബാവ
ഓണം സമാധാനത്തിന്റെയും സഹോദര്യത്തിന്റെയും ആ​ഗോള ഉത്സവമാകണം-കാതോലിക്കാ ബാവ

ഓണം സമാധാനത്തിന്റെയും സഹോദര്യത്തിന്റെയും ആ​ഗോള ഉത്സവമാകണം-കാതോലിക്കാ ബാവ

by Editor

കൊച്ചി: സന്തോഷവും സമാധാനവും പരസ്പരം പങ്കിട്ടുകൊണ്ടും അന്യന്റെ വേദനയ്ക്ക് പരിഹാരമേകിക്കൊണ്ടുമുള്ള ആ​ഗോള ഉത്സവമായി ഓണം മാറണമെന്ന് മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ. അതിനുള്ള ആ​ഗോള ഉത്തരവാദിത്തമാകണം നാം ഓരോരുത്തരും നിർവഹിക്കേണ്ടത്. ഓണത്തിന്റെ സന്ദേശമായ ഐശ്വര്യവും സമ്പദ്സമൃദ്ധിയും എല്ലായിടവും നിറച്ചുകൊണ്ട് ലോകസമാധാനത്തിനുവേണ്ടിയുള്ള ആഘോഷമാക്കി ഓണത്തെ മാറ്റണമെന്നും കാതോലിക്കാബാവ പറഞ്ഞു.

ആലുവ രാജ​ഗിരി ആശുപത്രിയിൽ വിദേശികളായ രോ​ഗികൾക്കും ബന്ധുക്കൾക്കും കൂട്ടിരിപ്പുകാർക്കുമായൊരുക്കിയ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകം ഒരു ​ഗ്രാമം പോലെ ചെറുതായിക്കഴിഞ്ഞു. എല്ലാ രാജ്യങ്ങളിലുള്ളവർക്കും പരസ്പരം അറിയാം. ആരും അകത്തല്ല, ആരും പുറത്തുമല്ല. അതുകൊണ്ടാണ് ഉക്രെയ്നിലും ​ഗാസയിലുമുള്ളവരുടെയും വേദന നമ്മുടെയെല്ലാം വേദനയായി മാറുന്നത്. ആ വേദന അനുഭവപ്പെടാത്തവർ മനുഷ്യരാകില്ല. നമ്മളിന്ന് ഒരു രാജ്യമല്ല പടുത്തുയർത്തുന്നത്, ഒറ്റലോകം എന്ന ആശയമാണ്. മുമ്പ് ഓണം നമ്മുടേതു മാത്രമായിരുന്നു. ലോകം അതിർവരമ്പുകളില്ലാതെ പരസ്പര സഹവർത്തിത്തത്തോടെ ഒന്നായിക്കഴിഞ്ഞ ഇക്കാലത്ത് ഓണം ലോകജനതയുടേത് മുഴവനുമാകണം. ആ​ഗോളതലത്തിലുള്ള യോജിപ്പ് സൃഷ്ടിക്കുവാൻ നമുക്ക് ആ​ഗോളമായ ഉത്തരവാദിത്തമുണ്ട്. ചികിത്സാരം​ഗത്ത് ഈ ഉത്തരവാദിത്തം ഭം​ഗിയായി നിറവേറ്റാൻ രാജ​ഗിരി ആശുപത്രിക്ക് കഴിയുന്നു. ലോകം മുഴുവനുള്ളവരുടെ ആരോ​ഗ്യം സംരക്ഷിക്കുകയെന്നത് വലിയ കാര്യമാണ്.

കാലാവസ്ഥാവ്യതിയാനത്തിന്റെയും ആ​ഗോളതാപനത്തിന്റെയും പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നത് ഈ ഭൂമി മുഴുവനുമാണ്. ഏതെങ്കിലും ഒരു രാജ്യത്ത് വനം നശിപ്പിക്കപ്പെടുമ്പോൾ അതിന്റെ ഭവിഷ്യത്ത് ലോകം മുഴുവനുമുള്ളവരെ ബാധിക്കും. യുദ്ധം ഒരു രാജ്യത്തെ തകർക്കുമ്പോൾ അത് മറ്റുരാജ്യങ്ങൾക്കും പ്രതികൂലമായിത്തീരും. കാലാവസ്ഥയിലും സാമൂഹിക പരിതസ്ഥിതിയിലുമുള്ള മാറ്റങ്ങൾ മാത്രമല്ല, അവനവന്റെ ഉള്ളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവർത്തനങ്ങളും നമ്മൾ തിരിച്ചറിയണം. അതിനനുസരിച്ച് സ്വയം മാറണം. വ്യക്തിയിലുള്ള നവീകരണമാണ് പിന്നീട് സമൂഹത്തിന്റേതായി മാറുന്നത്. അതാകണം ഓണത്തിന്റെ യഥാർഥ സന്ദേശം.-കാതോലിക്കാബാവ പറഞ്ഞു. ആ​ഘോഷങ്ങളുടെ പേരിലുള്ള ധൂർത്ത് അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിന്റെ ഭാ​ഗമായൊരുക്കിയ വടംവലിയും ഓണസദ്യയുമെല്ലാം വിദേശികൾക്ക് പുതിയ കാഴ്ചകളായി. വടംവലിയിൽ ആവേശത്തോടെയാണ് അവർ പങ്കെടുത്തത്. കേരളീയവേഷം ധരിച്ചായിരുന്നു ഇവരിൽ പലരും ആഘോഷത്തിനെത്തിയത്. 72-ഓളം രാജ്യങ്ങളിൽ നിന്നുള്ളവർ രാജ​ഗിരി ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നുണ്ട്. ഇവരിൽ ഉ​ഗാണ്ട, മാലദ്വീപ്, ഒമാൻ, തുടങ്ങിയ 15-ഓളം രാജ്യങ്ങളിൽ നിന്നുള്ളവർ ആഘോഷത്തിനുണ്ടായിരുന്നു. രാജ​ഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി സിഎംഐ അസോസിയേറ്റ് മെഡിക്കൽ ഡയറക്ടർ ഡോ. ജെയ്ക്കബ് വർ​ഗീസ്, ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ അലി ഉസം(മാലിദ്വീപ്), അബ്ദുള്ള സെയ്ഫ് സലിം അൽ ഖ്വാസ്മി(ഒമാൻ) അബു ബൊ​ഗേറ(ഉ​ഗാണ്ട), വിർലാൻ എലേന(മൾഡോവ) എന്നിവർ സംസാരിച്ചു.

Send your news and Advertisements

You may also like

error: Content is protected !!