ന്യൂ ഡൽഹി: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ പാർലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിഷേധം. ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസുകൾ ഇരു സഭകളും തള്ളി. കേരളത്തിൽ നിന്നുള്ള എംപിമാരാണ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ലോക്സഭയില്‍ അടിയന്തര പ്രമേയത്തിനും രാജ്യസഭയില്‍ ചര്‍ച്ചക്കും എംപിമാര്‍ നോട്ടീസ് നല്‍കി. എന്നാൽ ഇരു സഭകളും ആവശ്യം അംഗീകരിച്ചില്ല. പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇരു സഭകളും ഉച്ചയ്ക്ക് 2 മണി വരെ നിർത്തിവച്ചു.
അതിനിടെ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവത്തിൽ പോലീസ് എഫ്ഐആർ പുറത്തുവന്നു . ഗുരുതര വകുപ്പുകളാണ് എഫ്ഐആറിൽ ചേർത്തിരിക്കുന്നത്. പ്രലോഭിപ്പിച്ച് മതംമാറ്റാൻ ശ്രമിച്ചെന്നും മനുഷ്യക്കടത്ത് നടത്തിയെന്നും എഫ്ഐആറിൽ ആരോപണമുണ്ട്. സിസ്റ്റർ പ്രീതിയെ ഒന്നാംപ്രതിയും സിസ്റ്റർ വന്ദനയെ രണ്ടാം പ്രതിയുമാക്കിയാണ് എഫ്ഐആർ. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തുമാണ് കന്യാസ്ത്രീകൾ ഉദ്ദേശിച്ചതെന്നും എഫ്ഐആറിൽ പറയുന്നു.
പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ സഭയുടെ ആശുപത്രികളിലേക്കും പള്ളിയിലേക്കും ജോലിക്കുവേണ്ടി കൊണ്ടുപോകുകയാണെന്ന് ഇവർ പോലീസിനോട് പറഞ്ഞിരുന്നു. തിരിച്ചറിയൽ രേഖകളക്കം തങ്ങളുടെ പക്കലുണ്ടെന്നും ഇവർ പോലീസിനെ അറിയിച്ചിരുന്നു. എന്നിട്ടും റെയിൽവേ പോലീസ് ഇവരെ അറസ്റ്റ് ചെയ്‌ത് ലോക്കൽ പോലീസിന് കൈമാറുകയായിരുന്നു. ഇവർ ഒരു തരത്തിലുമുള്ള മതപരിവർത്തനമോ മനുഷ്യക്കടത്തോ നടത്തിയിട്ടില്ലെന്ന് സഭാ അധികൃതർ വ്യക്തമാക്കുന്നു. കന്യാസ്ത്രീകൾക്കൊപ്പം മൂന്നു പെൺകുട്ടികളും ഇവരിൽ ഒരു പെൺകുട്ടിയുടെ സഹോദരനും ഉണ്ടായിരുന്നു. ആഗ്രയിലേക്ക് യാത്ര പുറപ്പെടാൻ എത്തിയ ഇവരെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ബജ്രംഗ്ദൾ പ്രവർത്തകർ തടയുകയായിരുന്നു.
കന്യാസ്ത്രീകളുടെ അറസ്റ്റ്; അനൂപ് ആൻ്റണിയുടെ നേതൃത്വത്തിലുള്ള സംഘം ഛത്തീസ്ഗഡിലേക്ക്.