പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തെ താൻ നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരും സ്വയം സ്ഥാനാർത്ഥികൾ ആകേണ്ട, സമയം ആകുമ്പോൾ പാർട്ടി തീരുമാനിക്കും, സിറ്റിംഗ് എംഎൽഎമാർ മണ്ഡലം ശ്രദ്ധിക്കുക. ചിലപ്പോൾ നിങ്ങള്‍ തന്നെ സ്ഥാനാർത്ഥിയാകും, ചിലപ്പോൾ മാറേണ്ടി വരുമെന്നും പിണറായി വിജയന്‍ പറഞ്ഞു. മത്സരിക്കുമോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. പത്തനംതിട്ട സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായെങ്കിലും എൽഡിഎഫ് ശക്തമായി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ നടക്കുന്ന ഭവന സന്ദർശനം പ്രതിസന്ധികൾ മാറ്റും. തുടർഭരണം ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി തന്നെ പ്രചാരണത്തെ നയിക്കുമെന്ന് നേരത്തെ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയും വ്യക്തമാക്കിയിരുന്നു. ഒന്നരമണിക്കൂറിലധികം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പിണറായി പങ്കെടുത്തു.
ഫെബ്രുവരി ആദ്യവാരം സിപിഎം സീറ്റ് നിർണയ ചർച്ചകൾ ആരംഭിക്കും. ബജറ്റ് കൂടുതൽ ജനകീയമാക്കി തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ഇറങ്ങാനാണ് സർക്കാരും പാർട്ടിയും ആലോചിക്കുന്നത്.



