പാട്ടും നൃത്തവും ആകാശത്ത് വർണ്ണക്കാഴ്ചകളുടെ വിസ്മയം തീർത്ത വെടിക്കെട്ടുകളുമായി ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യയും പുതുവർഷത്തെ വരവേറ്റു. പുതുവർഷത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപാണ്. ഇന്ത്യ പുതുവർഷം ആഘോഷിക്കുന്നതിനെക്കാൾ എട്ടര മണിക്കൂർ മുന്നേ ആയിരുന്നു ക്രിസ്മസ് ദ്വീപ് എന്ന പേരിലും അറിയപ്പെടുന്ന കിരിബാത്തി പുതിയ വർഷത്തെ വരവേറ്റത്. കിരിബാത്തിക്ക് ശേഷം ന്യൂസിലാൻഡിലെ ചാഥം ദ്വീപിലും പുതുവർഷമെത്തി.
കിരിബാത്തിക്ക് പിന്നാലെ ന്യൂസീലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും പുതുവൽസരമെത്തി. വമ്പൻ കരിമരുന്ന് പ്രയോഗങ്ങളോടെയാണ് സിഡ്‌നിയടക്കമുളള നഗരങ്ങൾ പുതുവർഷത്തെ വരവേറ്റത്. ഫിജി, റഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോങ്, ഫിലിപ്പീൻസ് തുടങ്ങി രാജ്യങ്ങളും പുതുവത്സരത്തെ വരവേറ്റു. കേരളത്തിൽ കോവളം, വർക്കല, ഫോർട്ട് കൊച്ചി, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള ആഘോഷങ്ങളാണ് നടന്നത്.
അമേരിക്കയിലെ ബേക്കർ ഐലണ്ടിലും ഹൗലൻഡ് ഐലണ്ടിലുമാണ് ഏറ്റവുമൊടുവിൽ പുതുവത്സരമെത്തുന്നത്. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്കു മാത്രമേ അവിടെ പുതുവർഷമെത്തൂ.
എല്ലാ ഓൺലൈൻ വാർത്തകൾ വായനക്കാർക്കും പുതുവത്സര ആശംസകൾ



