കാൻബറ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ തള്ളി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസി. പാലസ്‌തീൻ രാഷ്ട്രത്തെ അംഗീകരിച്ച നിലപാടിൽ പ്രകോപിതനായാണ് ആൽബനീസിയെ ദുർബലനായ രാഷ്ട്രീയക്കാരൻ എന്ന് നെതന്യാഹു വിശേഷിപ്പിച്ചത്. ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വാക്കുകൾ താൻ വ്യക്തിപരമായി എടുക്കുന്നില്ലെന്ന് ആൽബനീസി പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിലും വിള്ളൽ വീണു. എങ്കിലും, സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതു സമ്മേളനത്തിൽ പലസ്‌തീനുള്ള അംഗീകാരം പ്രഖ്യാപിക്കുമെന്ന് ഓസ്ട്രേലിയ പ്രഖ്യാപിച്ചു.
“ഞാൻ മറ്റ് രാജ്യങ്ങളിലെ നേതാക്കളോട് ബഹുമാനത്തോടെയാണ് പെരുമാറുന്നത്. അവരുമായി നയതന്ത്രപരമായ രീതിയിലാണ് ഇടപഴകുന്നത്. ഇത്തരം കാര്യങ്ങൾ വ്യക്തിപരമായി എടുക്കുന്നില്ല. വളരെക്കാലമായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന അക്രമണചക്രത്തിന് ഒരു അന്ത്യം കാണാൻ മനുഷ്യർ എല്ലാം ആഗ്രഹിക്കുന്നു. അധിനിവേശത്തിനെതിരെ ആഗോളതലത്തിൽ എതിർപ്പും ആഗോള ആശങ്കയും വർദ്ധിച്ചുവരികയാണ്. ഓസ്ട്രേലിയക്കാരും കാണാൻ ആഗ്രഹിക്കുന്നത് അതാണ്.” എന്നായിരുന്നു ആൽബനീസിയുടെ പ്രതികരണം.
ഓഗസ്റ്റ് 11-ന് ആൽബനീസി സർക്കാർ പാലസ്‌തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ പ്രഖ്യാപിക്കുമെന്നും അറിയിച്ചു. നെതന്യാഹുവിൻ്റെ സഖ്യത്തിലെ വലതുപക്ഷ നേതാവും റിലീജിയസ് സയോണിസം പാർട്ടി അംഗവുമായ സിംഹാ റോത്ത്‌മാൻ്റെ വിസ ഇതിന് പിന്നാലെ ഓസ്ട്രേലിയ റദ്ദാക്കുകയും ചെയ്തു. ഗാസയിൽ കുടിയേറ്റം നടത്തണമെന്നും പാലസ്‌തീനികളെ സ്വമേധയാ കുടിയേറ്റത്തിലൂടെ പുറത്താക്കണമെന്നും വാദിക്കുന്ന പാർട്ടിയിലെ അംഗമാണ് റോത്ത്മാൻ. റോത്ത്‌മാനെ വിലക്കിയതോടെ ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സർ പാലസ്തീൻ അതോറിറ്റിയിലേക്ക് നിയോഗിച്ചിരുന്ന ഓസ്ട്രേലിയൻ പ്രതിനിധികളുടെ വിസ റദ്ദാക്കി പ്രതികരിച്ചു. ഭാവിയിലുള്ള ഓസ്ട്രേലിയൻ വിസ അപേക്ഷകൾ കടുത്ത പരിശോധനകളിലൂടെ നിയന്ത്രിക്കാനും നിർദ്ദേശിച്ചു.
ഓസ്ട്രേലിയൻ ആഭ്യന്തരകാര്യ മന്ത്രി ടോണി ബർക്ക് ഇതോടെ രംഗത്ത് എത്തി. ഒരു രാഷ്ട്രത്തിന്റെ ശക്തി മനുഷ്യരെ ചിതറിത്തെറിപ്പിക്കുന്നതിലോ കുട്ടികളെ പട്ടിണിക്കിട്ടു കൊല്ലുന്നതിലോ അളക്കപ്പെടുന്നതല്ലെന്ന് ഓർമ്മപ്പെടുത്തി. ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെനി വോങ് ഇസ്രയേൽ സ്വയം ഒറ്റപ്പെടുകയാണ് എന്ന് പ്രതികരിച്ചു.
അതേ സമയം ഓസ്ട്രേലിയൻ പ്രതിപക്ഷം ഇസ്രയേലിനൊപ്പം നിലപാടെടുത്തു. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന 2028-ലെ തിരഞ്ഞെടുപ്പിൽ അധികാരം നേടുകയാണെങ്കിൽ പാലസ്‌തീൻ രാഷ്ട്രത്തിനുള്ള അംഗീകാരം പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചു. നെതന്യാഹുവുമായുള്ള ബന്ധം കളഞ്ഞ പ്രധാനമന്ത്രി അത് എങ്ങനെ ശരിയാക്കുമെന്നു വ്യക്തമാക്കണം എന്ന് പ്രതിപക്ഷ നേതാവ് സുസ്സൻ ലേയ് ചോദിക്കയും ചെയ്തു. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ പലസ്‌തീൻ രാഷ്ടത്തെ അംഗീകരിച്ചുള്ള പ്രഖ്യാപനത്തിന് എതിരെയും നെതന്യാഹു ക്ഷുഭിതനായി രംഗത്ത് എത്തിയിരുന്നു. ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടുന്നുവെന്നായിരുന്നു ആരോപണം.