കാഠ്‌മണ്ഡു: നേപ്പാളിൽ സാമൂഹ്യ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. ‘ജെൻ സി പ്രതിഷേധം’ അക്രമാസക്തമായ സാഹചര്യത്തിലാണ് നടപടി. ഇന്നലെ അർദ്ധരാത്രിൽ നടന്ന അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. നിരോധനത്തെ തുടർന്ന് യുവജന പ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തിലാണ് നിരോധനം നീക്കുന്നതെന്ന് നേപ്പാൾ വാർത്താവിനിമയകാര്യ മന്ത്രി പൃഥ്വി സുബ്ബ ഗുരുങ് അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനെടുത്ത സർക്കാർ തീരുമാനത്തിൽ പശ്ചാത്താപമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവജനങ്ങളോട് പ്രതിഷേധത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
നിരോധനം നീക്കിയതിനെത്തുടർന്ന് രാത്രിയോടെ ഫെയ്സ്ബുക്ക്, യൂട്യൂബ്, എക്സ് തുടങ്ങിയവയെല്ലാം വീണ്ടും ലഭ്യമായി തുടങ്ങി. സമൂഹമാധ്യമ നിരോധനത്തെത്തുടർന്ന് നേപ്പാളിൽ അരങ്ങേറിയ യുവജന പ്രക്ഷോഭത്തിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. യുവജന പ്രക്ഷോഭത്തെക്കുറിച്ച് അന്വേഷിക്കാൻ നേപ്പാൾ മന്ത്രിസഭ അന്വേഷണ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സംഘർഷങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാൾ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവെച്ചിരുന്നു. എന്നാൽ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ രാജിവെക്കില്ലെന്ന് നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ്മ ഒലി വ്യക്തമാക്കി.
തിങ്കളാഴ്ച്‌ച രാജ്യത്തുണ്ടായ കലാപത്തിന് പിന്നിൽ നുഴഞ്ഞുകയറ്റ ഗ്രൂപ്പുകളാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. വ്യാഴാഴ്‌ച മുതലാണ് നേപ്പാളിൽ സാമൂഹ്യ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. നേപ്പാൾ കമ്യൂണിക്കേഷൻ ആൻഡ് ഐടി മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്യണമെന്ന ഉത്തരവ് സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകൾ പാലിക്കാത്തതിനെ തുടർന്നായിരുന്നു നിരോധനം. വ്യാജ വാർത്തകൾ തടയുക ലക്ഷ്യമിട്ടാണെന്നായിരുന്നു സർക്കാർ വാദം. എന്നാൽ രാജ്യത്ത് സെൻസർഷിപ്പ് ഏർപ്പെടുത്തുകയാണെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.