Mantis Partners Sydney
Friday, March 20, 2026
Mantis Partners Sydney
Home » ബി ജെ പി മുന്നേറ്റം പ്രവചിച്ചു ‘മൂഡ് ഓഫ് ദ നേഷൻ’ സർവ്വേ
ലോക്‌സഭാ തിരഞ്ഞെടുപ്പ്

ബി ജെ പി മുന്നേറ്റം പ്രവചിച്ചു ‘മൂഡ് ഓഫ് ദ നേഷൻ’ സർവ്വേ

by Editor
Send your news and Advertisements

ന്യൂ ഡൽഹി: കഴിഞ്ഞ ദിവസം പുറത്തുവന്ന ഇന്ത്യ ടുഡേ – സി വോട്ടർ ‘മൂഡ് ഓഫ് ദ നേഷൻ’ സർവ്വേ പ്രകാരം ദേശീയ തലത്തിൽ ബിജെപിക്കും എൻഡിഎയ്ക്കും ശക്തമായ മുന്നേറ്റം ആണ് പ്രവചിക്കുന്നത്. ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാൽ, ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം ആകെയുള്ള 543 സീറ്റുകളിൽ 352 ഇടത്തും വൻ വിജയം നേടുമെന്നാണ് മൂഡ് ഓഫ് ദി നേഷൻ സ‍ര്‍വ്വേ ഫലം പറയുന്നത്. അതേസമയം, ഇന്ത്യ സഖ്യം 182 സീറ്റുകളിൽ ഒതുങ്ങുമെന്നും സർവ്വേ പറയുന്നു. ബിജെപി ഒറ്റയ്ക്ക് 287 സീറ്റുകൾ നേടി കേവലഭൂരിപക്ഷം മറികടക്കുമെന്ന് സർവ്വേ പ്രവചിക്കുന്നു. ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഈ സർവ്വേ ഫലം നിർണായകമാണ്.

‘മൂഡ് ഓഫ് ദ നേഷൻ’ സർവ്വേ പ്രകാരം കേരളത്തിൽ യുഡിഎഫ് തന്നെ മുൻതൂക്കം നിലനിർത്തും. ഇപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാൽ 18 സീറ്റുകൾ വരെ ലഭിക്കാനിടയുണ്ട്. എൽഡിഎഫിന് വോട്ട് വിഹിതത്തിലും സീറ്റുകളുടെ എണ്ണത്തിലും കുറവുണ്ടാകുമെന്ന് സർവ്വേ പ്രവചിക്കുന്നു. അതേസമയം ബിജെപി വൻ മുന്നേറ്റം നടത്തുമെന്ന് സർവ്വേ സൂചിപ്പിക്കുന്നു. കേരളത്തിൽ ബിജെപിയുടെ വോട്ട് വിഹിതത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകും. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ 17 ശതമാനത്തിൽ നിന്ന് ബിജെപിയുടെ വോട്ട് വിഹിതം 24 ശതമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകളിൽ ബിജെപി 2 സീറ്റുകൾ വരെ നേടിയേക്കാമെന്നും സർവ്വേ സൂചിപ്പിക്കുന്നു.

പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം, അസം, പുതുച്ചേരി എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന 2026-ല്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് ‘മൂഡ് ഓഫ് ദ നേഷൻ’ സർവ്വേ കണക്കുകള്‍ വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. ബംഗാള്‍, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി ഇതുവരെ ഭരണത്തില്‍ എത്തിയിട്ടില്ലാത്തതിനാല്‍ ഇവിടങ്ങളിലെ പോരാട്ടം അതീവ നിര്‍ണ്ണായകമാണ്.

ഏറ്റവും ഉചിതനായ പ്രധാനമന്ത്രിയാരെന്ന സർവ്വേ യിൽ നരേന്ദ്ര മോദി തന്നെയാണ് മുന്നിട്ട് നിൽക്കുന്നതെന്നും ഇന്ത്യ ടുഡേ-സിവോട്ടർ സർവേയിൽ പറയുന്നു. 55 ശതമാനം പേരാണ് മോദിയെ പിന്തുണയ്ക്കുന്നത്. ഓഗസ്റ്റിൽ നടത്തിയ സർവേയിൽ 52 ശതമാനമായിരുന്നു. ഇക്കാലയളവിനുള്ള രാഹുൽ ഗാന്ധിക്കുള്ള പിന്തുണയും ഉയർന്നിട്ടുണ്ട്. 2025 ഓഗസ്റ്റിൽ 25 ശതമാനം ആയിരുന്നെങ്കിൽ 2026 ജനുവരിയിൽ 27 ശതമാനമായി ഉയർന്നുവെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു.

You may also like

error: Content is protected !!