കുന്നത്തുനാടിന് 5000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് എന്‍ഡിഎ. കഴിഞ്ഞ ദിവസം കോലഞ്ചേരിയില്‍ സംഘടിപ്പിച്ച എന്‍.ഡി.എ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്ബാണ് പാക്കേജ് പ്രഖ്യാപിച്ചത്. തിരുവാണിയൂര്‍, പൂതൃക്ക, കുന്നത്തുനാട്, വടവ്കോട്-പുത്തന്‍കുരിശ് പഞ്ചായത്തുകളിലെ 2000 പേര്‍ക്ക് ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയില്‍ ദിവസവേതനത്തില്‍ നേരിട്ട് തൊഴില്‍, പുത്തന്‍കുരിശ് പഞ്ചായത്തിലെ അമൃത കോളനി ഉള്‍പ്പെടെ മണ്ഡലത്തിലെ 116 ലക്ഷംവീട് കോളനികള്‍ നവീകരിക്കാന്‍ 280 കോടി, കുന്നത്തുനാട് മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന അങ്കമാലി കുണ്ടന്നൂര്‍ ‘എട്ട്വരി’ പാതയ്ക്ക് 9500 കോടി എന്നിങ്ങനെ വിവിധ പാക്കേജുകളാണ് പ്രഖ്യാപിച്ചത്.
കൂടാതെ എഴിപ്പുറം, മോനിപ്പിള്ളി എന്നിവിടങ്ങളില്‍ രണ്ട് പുതിയ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റുകള്‍ കൂടി ആറ് മാസത്തിനകം തുറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് പച്ചക്കറി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകും. എന്‍.ഡി.എയുടെ പ്രകടന പത്രികയില്‍ പറഞ്ഞവയ്ക്ക് പുറമെയാണ് കുന്നത്തുനാട് മണ്ഡലത്തിന്റെ വികസനത്തിനായി വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ ഒരു നിയമസഭാ മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രഖ്യാപിക്കപ്പെട്ട ഏറ്റവും വലിയ പാക്കേജാണിത്.
കേരളത്തിന്‍റെ ചരിത്രം മാറ്റി എഴുതുന്ന തിരഞ്ഞെടുപ്പ് ആണ് നടക്കുന്നത്. എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച കേരളത്തിൽ അഴിമതി മാത്രമാണ് കൂടി വരുന്നത്. കേരളം ശരിയായ ദിശയിലേക്ക് വരണമെങ്കിൽ മോദി നേതൃത്വം നൽകുന്ന ബിജെപി ഭരണത്തിൽ വരണമെന്നും കുന്നത്തുനാടിൽ എൻഡിഎ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിൽ അമിത് ഷാ പറഞ്ഞു.
എന്‍ഡിഎ അധികാരത്തിൽ വന്നാൽ 2 വർഷത്തിനുള്ളിൽ കേരളത്തിൽ എയിംസ്; സ്വർണക്കൊള്ള കേസ് സിബിഐക്ക് വിടും: അമിത് ഷാ
എൻഡിഎ സർക്കാരിെന അധികാരത്തിലേറ്റിയാൽ ശബരിമല സ്വർണക്കൊള്ള കേസ് സിബിഐക്ക് വിടുമെന്നും സ്വർണം കൊള്ളയടിച്ചവരെ 2 മാസത്തിനുള്ളിൽ തുറങ്കലിൽ അടയ്ക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയെപ്പോലെ നുണ പറയുന്ന ഒരാളെ താൻ കണ്ടിട്ടില്ലെന്ന് പറഞ്ഞ അമിത് ഷാ, കേന്ദ്രം നടപ്പാക്കുന്ന പദ്ധതികൾ പേരു മാറ്റി തങ്ങളുടേതാക്കി മാറ്റുകയാണ് പിണറായി വിജയൻ സർക്കാർ എന്നും വിമർശിച്ചു. കുന്നത്തൂരിൽ എൻഡിഎ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ രണ്ടു വർഷത്തിനുള്ളിൽ എയിംസ് (AIIMS) യാഥാർഥ്യമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്തെ കാട്ടാക്കടയിൽ ബിജെപി പ്രചാരണ വേദിയിൽ പ്രഖ്യാപിച്ചു. നേമം റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ സാധ്യമാകും. തലസ്ഥാനത്തെ ഐടി ഹബ്ബാക്കി മാറ്റും. കൊല്ലത്തെ കടല്‍ സാമ്പത്തിക ശക്തിയാക്കി മാറ്റും. കോഴിക്കോട് ആരോഗ്യ റിസര്‍ച്ച് ഹബ് ആക്കി മാറ്റും. തൃശൂരിനെ സാംസ്‌കാരിക ടൂറിസം കേന്ദ്രമാക്കി മാറ്റും. കണ്ണൂരിനെ പ്രതിരോധ വികസന ഹബ്ബാക്കി മാറ്റും.
തിരുവനന്തപുരത്തിന് വലിയ വികസനമാണ് കേന്ദ്രം സമ്മാനിച്ചത്. പക്ഷെ പിണറായി വിജയൻ എന്താണ് നൽകിയത്? പേര് മാറ്റുന്ന നടപടിയാണ് പിണറായി വിജയൻ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജന എന്ന പദ്ധതിയുടെ പേര് മാറ്റി ലൈഫ് മിഷൻ എന്നാക്കി, റോഡുകൾ നൽകിയത് കേന്ദ്രം പക്ഷേ ഫ്ലക്സ് വെച്ചതാകട്ടെ പിണറായി വിജയന്റേതും. ജനങ്ങൾക്ക് എല്ലാം മനസ്സിലായി ഉടൻ പിണറായി ജനങ്ങൾ ടാറ്റാ പറയുമെന്നും അമിത്ഷാ പരിഹസിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായി ഒരു വ്യവസായ മേഖല കൊണ്ടുവരും.
തിരുവനന്തപുരത്തെ ഐ ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയായി ഉയർത്തും. കേരളത്തിൽ മാറി മാറി വരുന്ന സർക്കാർ അഴിമതി മാത്രമാണ് സമ്മാനിച്ചത്. ക്ഷേത്രങ്ങളിലെ സ്വർണം പോലും കട്ട് കൊണ്ട് പോകുന്ന അവസ്ഥ എൻ ഡി എ സർക്കാർ അധികാരത്തിൽ വന്നാൽ 2 മാസത്തിനകം സ്വർണക്കൊളള നടത്തിയവരെ ജയിലിലാക്കും. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്ന സമയം എൽഡിഎഫും യുഡിഎഫും എതിർത്തു വഖഫ് ഫേദഗതി ബില്ലിനെയും ഇവർ എതിർത്തു. മുനമ്പം വിഷയത്തിൽ എൽഡിഎഫും യുഡിഎഫും ഒന്നും ചെയ്തില്ല. വയനാട്ടിൽ നിന്ന് വിജയിച്ച് പോയ സഹോദരനും സഹോദരിയും കേരളത്തിന് വേണ്ടി എന്ത് ചെയ്തുവെന്നും അമിത്ഷാ ചോദിച്ചു.
കേരളത്തില്‍ താമര വിരിയില്ലെന്നാണ് ചിലര്‍ കരുതിയത്. എന്നാല്‍ കേരളത്തോട് നന്ദി പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. 2016-ല്‍ ആദ്യമായി താമര വിരിഞ്ഞ് എംഎല്‍എയായി. 2024-ല്‍ ആദ്യമായി താമരയില്‍ എംപി വന്നു. 2025-ല്‍ ആദ്യമായി താമരയില്‍ മേയര്‍ ഉണ്ടായി. ഉടന്‍ തന്നെ താമരയില്‍ ഒരു മുഖ്യമന്ത്രിയും ജനിക്കും’-അമിത് ഷാ പറഞ്ഞു.

