Mantis Partners Sydney
Friday, March 20, 2026
Mantis Partners Sydney
Home » എപ്‌സ്റ്റീൻ ഫയലിൽ മോദിയും, അവജ്ഞയോടെ തള്ളുന്നെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.
എപ്‌സ്റ്റീൻ ഫയലിൽ മോദിയും, അവജ്ഞയോടെ തള്ളുന്നെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.

എപ്‌സ്റ്റീൻ ഫയലിൽ മോദിയും, അവജ്ഞയോടെ തള്ളുന്നെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.

by Editor
Send your news and Advertisements

യുഎസ് വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേര് ഉൾപ്പെട്ടതായി റിപ്പോർട്ട്. തൻ്റെ ഉപദേശം സ്വീകരിച്ച് മോഡി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് വേണ്ടി 2017-ൽ ഇസ്രയേൽ സന്ദർശിച്ചുവെന്നും അത് ഗുണം ചെയ്‌തുവെന്നുമാണ് എപ്സ്റ്റീൻ്റേതായി പുറത്തുവന്ന മെയിലിൽ പറയുന്നത്. എന്നാൽ സന്ദർശനത്തിൻ്റെ പിന്നിലെ കാര്യങ്ങളോ എന്ത് ഗുണം ലഭിച്ചുവെന്നത് സംബന്ധിച്ചോ മെയിലിൽ പരാമർശമില്ല. ഡെപ്യൂട്ടി യു.എസ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചിന്റെ നേതൃത്വത്തിലാണ് പുതിയ വിവരങ്ങൾ പുറത്ത് വിട്ടത്.

ജെഫ്രി എപ്‌സ്റ്റീന്റെ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ 2017 ലെ ഇസ്രയേൽ സന്ദർശനത്തെയും പരാമർശിക്കുന്ന ഭാഗം വെറും കെട്ടുകഥയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിലൂടെ അറിയിച്ചു. ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയുടെ അടിസ്ഥാന രഹിതമായ ജൽപനങ്ങളാണ് ഇത്. പ്രധാനമന്ത്രി 2017 ജൂലൈയിൽ ഇസ്രയേൽ സന്ദർശിച്ചിരുന്നു. എന്നാൽ ഫയലുകളിലെ മറ്റ് സൂചനകളെല്ലാം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി കോൺഗ്രസ് രംഗത്തെത്തി. ഇതൊരു ദേശീയ അപമാനമാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പ്രതികരിച്ചു. എപ്സ്റ്റീൻ്റെ ഉപദേശം സ്വീകരിച്ച പ്രധാനമന്ത്രി ഇസ്രായേലിൽ വെച്ച് അമേരിക്കൻ പ്രസിഡൻ്റിന് ഗുണകരമാകുന്ന രീതിയിൽ പ്രവർത്തിച്ചുവെന്നും ഇതിന് പിന്നാലെ ‘IT WORKED!’ എന്ന് എപ്സ്റ്റീൻ എഴുതിയതായും അദേഹം ആരോപിച്ചു. എപ്സ്റ്റീനിൽ നിന്ന് എന്ത് ഉപദേശമാണ് തേടിയതെന്നും ‘IT WORKED!’ എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ഖേര ആവശ്യപ്പെട്ടു.

എപ്സ്റ്റീന്റെ സ്വാധീന വലയത്തിൽ ഉണ്ടായിരുന്ന കരുത്തരായ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് പുറത്തുവിട്ടത്. യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ രേഖകളിൽ മൂന്ന് ദശലക്ഷത്തിലധികം പേജുകൾ, 2000 ൽ അധികം വീഡിയോകൾ, 1.8 ലക്ഷം ചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു. മുൻപ് പുറത്തുവിടാതെ മാറ്റിവെച്ചിരുന്ന രേഖകളാണ് ഇപ്പോൾ വെബ്സൈറ്റിലൂടെ പരസ്യമാക്കിയിരിക്കുന്നത്.

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സിനെതിരെയുള്ള ലൈംഗികാരോപണങ്ങളുടെ വിവരങ്ങളും പുതുതായി പുറത്തുവന്ന ഫയലുകളിലുണ്ട്. റഷ്യൻ പെൺകുട്ടികളുമായുള്ള ബന്ധത്തിലൂടെ ബിൽ ഗേറ്റ്സിന് ലൈംഗിക രോഗം ബാധിച്ചെന്നും, ഭാര്യ മെലിൻഡ അറിയാതെ ചികിത്സ തേടിയെന്നുമാണ് എസ്‌റ്റീൻ്റെ ഇ മെയിലുകളിലുള്ളത്. റഷ്യൻ യുവതികളുമായുള്ള ബന്ധത്തെത്തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ മരുന്നുകൾ എത്തിച്ചുനൽകാൻ തൻ്റെ സഹായിയോട് ഗേറ്റ്സ് ആവശ്യപ്പെട്ടതായും രേഖകളിലുണ്ട്. ആരോപണങ്ങൾ പൂർണമായും തെറ്റാണെന്ന് ബിൽ ഗേറ്റ്‌സിന്റെ വക്താവ് അറിയിച്ചു. ഗേറ്റ്‌സുമായി ബന്ധം സ്ഥാപിക്കാൻ കഴിയാത്തതിലുള്ള നിരാശയിലാണ് എപ്‌സ്റ്റീന്‍ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതെന്നും വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞദിവസം യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ എപ്സ്റ്റീൻ ഫയൽസിൽ യുവതിയുമായി അടുത്തിടപഴകുന്ന ആൻഡ്രൂ രാജകുമാരന്റെ ചിത്രങ്ങളും ഉൾപ്പെടുന്നുണ്ട്. ഒരു യുവതിയ്‌ക്കൊപ്പം തറയിൽ കുനിഞ്ഞിരിക്കുന്ന ആൻഡ്രൂ രാജകുമാരന്റെ വിവിധ ചിത്രങ്ങളാണുള്ളത്. യുവതിക്കൊപ്പമുള്ള ചിത്രങ്ങൾക്ക് പുറമേ ഒരു റഷ്യൻ സ്ത്രീയെ ജെഫ്രി എപ്സ്റ്റീൻ ആൻഡ്രൂ രാജകുമാരന് പരിചയപ്പെടുത്തുന്നതിന്റെ തെളിവുകളും പുതിയ എപ്സ്റ്റീൻ ഫയൽസിലുണ്ട്. കഴിഞ്ഞമാസം യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയൽസിലും ആൻഡ്രൂ രാജകുമാരന്റെ ചിത്രമുണ്ടായിരുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സാൻഡ്രിങ്ഗാം എസ്റ്റേറ്റിൽ ആൻഡ്രൂ രാജകുമാരൻ അഞ്ചുസ്ത്രീകളുടെ മടിയിൽ കിടക്കുന്ന ചിത്രമായിരുന്നു നേരത്തേ പുറത്തുവന്നത്.

സെലിബ്രിറ്റികളുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട കോടീശ്വരനാണ് ജെഫ്രി എപ്സ്റ്റീൻ. പരാതികൾക്ക് പിന്നാലെ ജയിലിലായ എക്സ്റ്റീനെ വിചാരണയ്ക്ക് മുമ്പ് സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എപ്‌സ്റ്റീന്റെ രേഖകളിൽ ബിൽ ഗേറ്റ്‌സിനെ കൂടാതെ ഡോണൾഡ് ട്രംപ്, ബിൽ ക്ലിന്റൺ, ഇലോൺ മസ്ക് തുടങ്ങിയ പ്രമുഖരുടെ പേരുകളും പരാമർശിക്കപ്പെട്ടിട്ടുണ്ട്.

You may also like

error: Content is protected !!