ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനെത്തിയ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തി. തിങ്കളാഴ്ച ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തിയത്. ചർച്ചയുടെ ഭാഗമായി ഇന്ത്യയും കാനഡയും തമ്മിൽ സുപ്രധാനമായ യുറേനിയം വിതരണ കരാറിൽ ഒപ്പുവെച്ചു.
പ്രധാനമന്ത്രി മാർക്ക് കാർണിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയിൽ അദേഹത്തിൻ്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഇതൊരു സുപ്രധാന നാഴികക്കല്ലായി കാണുന്നു. കഴിഞ്ഞ വർഷം കാനഡയിൽ നടന്ന ജി 7 യോഗത്തിൽ അദേഹം എന്നെയും എൻ്റെ പ്രതിനിധി സംഘത്തെയും ഊഷ്‌മളമായി സ്വാഗതം ചെയ്‌തു. ഇന്ന് അദേഹത്തെ അതേ ഊഷ്‌മളതയോടെ സ്വാഗതം ചെയ്യാൻ കഴിയുന്നത് ഒരു ഭാഗ്യമായി കാണുന്നുവെന്ന് മോഡി പറഞ്ഞു.
ഇൻ്റർനാഷണൽ സോളാർ അലയൻസിലും ഗ്ലോബൽ ബയോഫ്യൂവൽ അലയൻസിലും ചേരാൻ കാനഡ തീരുമാനിച്ചതിൽ സന്തോഷമുണ്ട്. സംയുക്ത ശ്രമങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഈ വർഷം ഇന്ത്യ-കാനഡ പുനരുപയോഗ ഊർജ സംഭരണ ഉച്ചകോടി നടത്തും.
സിവിൽ ആണവോർജത്തിൽ ദീർഘകാല യുറേനിയം വിതരണത്തിനുള്ള സുപ്രധാന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ചെറിയ മോഡുലാർ റിയാക്‌ടറുകളിലും നൂതന റിയാക്‌ടറുകളിലും ഇന്ത്യയും കാനഡയും ഒരുമിച്ച് പ്രവർത്തിക്കും. എഐ, ക്വാണ്ടം, സൂപ്പർ കമ്പ്യൂട്ടിങ്, സെമി കണ്ടക്‌ടറുകൾ എന്നിവയിലും പരസ്പര സഹകരണം വർധിപ്പിക്കുമെന്നും മോദി പറഞ്ഞു.
നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫെബ്രുവരി 27-നാണ് മാർക്ക് കാർണി മുംബൈയിൽ എത്തിയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വഷളായിരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഇരുരാജ്യങ്ങളിലെയും പ്രമുഖ വ്യവസായ പ്രമുഖർ പങ്കെടുത്ത ‘ഇന്ത്യ-കാനഡ സി.ഇ.ഒ ഫോറത്തിലും’ ഇരു പ്രധാനമന്ത്രിമാരും പങ്കെടുത്തു


