ന്യൂ ഡൽഹി: യുഎഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച് നരേന്ദ്ര മോദി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇക്ക് ഐക്യദാർഢ്യം അറിയിച്ചു. യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരോടുള്ള കരുതലിന് മോദി നന്ദി അറിയിച്ചു. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി മോദി സംസാരിച്ചു. യുഎഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച മോദി ആക്രമണങ്ങളിൽ ജീവൻ നഷ്‌ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തു. പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിൽ യുഎഇയ്ക്കൊപ്പം ഇന്ത്യ നിലകൊള്ളുന്നതായും മോദി എക്സിൽ കുറിച്ചു.
“യുഎഇ പ്രസിഡന്‍റായ എന്‍റെ സഹോദരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിച്ചു. യുഎഇയിലുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഈ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യ യുഎഇയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. യുഎഇയിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തോടുള്ള കരുതലിന് അദ്ദേഹത്തിന് നന്ദി പറഞ്ഞു. സംഘർഷം ലഘൂകരിക്കൽ, സുരക്ഷ, സ്ഥിരത എന്നിവയെ ഞങ്ങൾ പിന്തുണയ്ക്കുന്നു”- എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുറിപ്പ്.
കേന്ദ്ര മന്ത്രിസഭാ സമിതി യോഗം മേഖലയിലെ സ്ഥിതി വിശദമായി വിലയിരുത്തി. ഇന്നലെ ഇറാൻ – ഇസ്രയേൽ- യുഎസ് സംഘർഷം രൂക്ഷമായെങ്കിലും പക്ഷം പിടിക്കാതെ കരുതലോടെയായിരുന്നു ഇന്ത്യയുടെ നീക്കം. ഈ സംഘർഷത്തിൽ രാജ്യം ആദ്യമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നതി യുഎഇക്കാണ്.
ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിക്കുകയും നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തെന്ന് നരേന്ദ്ര മോദി പറഞ്ഞു. “സമീപകാല സംഭവവികാസങ്ങളിൽ ഇന്ത്യയ്ക്കുള്ള ആശങ്കകൾ അദ്ദേഹത്തെ അറിയിച്ചു. സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും അറിയിച്ചു”- നരേന്ദ്ര മോദി എക്സസിൽ കുറിച്ചു.
അതേസമയം ഇറാന് ശക്തമായ മുന്നറിയിപ്പുമായി യുഎഇ. അയൽക്കാരോട് ഇറാൻ യുക്തിയോടെയും ഉത്തരവാദിത്തത്തോടെയും പെരുമാറണമെന്നും സംയമനം പാലിച്ചില്ലെങ്കിൽ കൂടുതൽ ഒറ്റപ്പെടുമെന്നും യുഎഇ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് മുന്നറിയിപ്പ് നൽകി. ഇറാന് ലക്ഷ്യം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മധ്യേഷ്യൻ മേഖലയിൽ ഇറാൻ നടത്തുന്ന വിവേചനരഹിതവും പ്രകോപനപരവുമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ അതിശക്തമായ ഭാഷയിൽ അപലപിച്ച് ഏഴ് പ്രമുഖ രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കി. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന ഇത്തരം നീക്കങ്ങൾ അങ്ങേയറ്റം അപകടകരമാണെന്നും യാതൊരുവിധത്തിലും ന്യായീകരിക്കാൻ കഴിയാത്തതാണെന്നും പ്രസ്താവനയിൽ പറയുന്നു. യുഎഇ, ബഹ്റൈൻ, ജോർദാൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുഎസ് എന്നീ രാജ്യങ്ങളുടേതാണ് സംയുക്ത പ്രസ്താവന. സ്വന്തം പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് വ്യക്തമാക്കിയ ഈ രാജ്യങ്ങൾ, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സ്വയം പ്രതിരോധിക്കാനുള്ള തങ്ങളുടെ അവകാശം ആവർത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തു.
യുഎഇ, ബഹ്റൈൻ, ഖത്തർ, കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നത് ഇറാൻ അവസാനിപ്പിക്കണം. ഇറാന്റെ നടപടി പരമാധികാരത്തിന്റെയും അന്താരാഷ്‌ട്ര തത്വങ്ങളുടെയും തുടർച്ചയായ ലംഘനമാണെന്നും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും സൗദി പ്രതികരിച്ചു. ആക്രമണത്തിനിരയായ രാജ്യങ്ങൾക്കൊപ്പം പൂർണ്ണമായും നിലകൊള്ളുമെന്നും സൗദി വ്യക്തമാക്കി.
കടുപ്പിച്ച് യുഎഇ; ഇറാനിലെ എംബസി അടച്ചുപൂട്ടി; ഇസ്രായേലിൽ 11 മരണം


