Tuesday, January 13, 2026
Mantis Partners Sydney
Home » മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള ആദ്യഘട്ട വീടുകൾ ഫെബ്രുവരിയിൽ കൈമാറുമെന്ന് മുഖ്യമന്ത്രി
വയനാട് പുനരധിവാസം

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള ആദ്യഘട്ട വീടുകൾ ഫെബ്രുവരിയിൽ കൈമാറുമെന്ന് മുഖ്യമന്ത്രി

by Editor

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള ആദ്യഘട്ട വീടുകൾ ഫെബ്രുവരിയിൽ കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമാണം ദ്രുതഗതിയിൽ പൂർത്തിയാകുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 207 വീടുകളുടെ വാർപ്പ് പൂർത്തിയായി. ബാക്കി വീടുകളുടെ തറ കെട്ടുന്ന പണി, കോൺക്രീറ്റ് ഭിത്തി, തേപ്പ്, ടൈൽ പാകൽ, പെയിൻ്റിങ് എന്നി ജോലികൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു.

3.9 കിലോമീറ്റർ നീളത്തിൽ റോഡിൻ്റെ പ്രാരംഭ പണി പൂർത്തിയായി. കുടിവെള്ള ടാങ്കിൻ്റെ റാഫ്റ്റ് വാർക്കൽ കഴിഞ്ഞു. 1600-ഓളം ജീവനക്കാർ രാപ്പകൽ ഭേദമന്യേ ജോലി ചെയ്യുന്നുണ്ട്. 58 ഘട്ടങ്ങളിലായി ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന് അനുമതി നൽകുന്നത്. മുന്നൂറോളം വീടുകളും അനുബന്ധ സൗകര്യങ്ങളും പൂർത്തീകരിച്ച് ഒന്നാം ഘട്ടമായി ഫെബ്രുവരിയിൽ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കൽപ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലാണ് ടൗൺഷിപ്പ് നിർമ്മാണം പുരോഗമിക്കുന്നത്. 410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് ടൗൺഷിപ്പ്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയിൽ 35 ക്ലസ്റ്ററുകളിലായാണ് ടൗൺഷിപ്പ് വിഭാവനം ചെയ്‌തിരിക്കുന്നത്. ഓരോ ക്ലസ്റ്ററിലും കുട്ടികൾക്ക് കളിക്കുന്നതിനും മുതിർന്നവർക്ക് ഒത്തുകൂടുന്നതിനും ആവശ്യമായ പൊതു ഇടങ്ങളുണ്ട്.

11.4 കിലോമീറ്റർ റോഡ്, ഭൂഗർഭ വൈദ്യുതി വിതരണ ശൃംഖല, 9.5 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള കുടിവെള്ള ടാങ്കും വിതരണ ശൃംഖലയും, കൂടാതെ ഓരോ വീട്ടിലും 1000 ലിറ്റർ കുടിവെള്ള ടാങ്ക്, ഫുട്ബാൾ ഗ്രൗണ്ട്, മാർക്കറ്റ്, അങ്കണവാടി, കമ്മ്യൂണിറ്റി ഹാൾ, മാലിന്യ സംസ്‌കരണ കേന്ദ്രങ്ങൾ, പൊതുജന ആരോഗ്യ കേന്ദ്രം, ഓരോ വീട്ടിലും സൗരോർജ പ്ലാൻ്റ് തുടങ്ങിയ സൗകര്യങ്ങൾ ടൗൺ ഷിപ്പിലുണ്ടാകും.

20 വർഷത്തോളം വാറൻ്റിയുള്ള, വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച സാധന സാമഗ്രികളാണ് നിർമാണത്തിനുപയോഗിക്കുന്നത്. സിമൻ്റ്, മണൽ, മെറ്റൽ, കമ്പി മുതലായവ നിർമാണ സ്ഥലത്ത് സജ്ജീകരിക്കുന്ന ലാബിലെ ടെസ്റ്റ് കൂടാതെ സ്വതന്ത്ര മൂന്നാം കക്ഷിയുടെ പരിശോധന കൂടി നടത്തി ഗുണമേന്മ ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് ഉപയോഗിക്കുന്നത്. മുഴുവൻ നിർമാണങ്ങൾക്കും അഞ്ച് വർഷത്തേയ്ക്ക് കേടുപാടുകളിൽ നിന്നും കരാറുകാർ സംരക്ഷണം നൽകും.

Send your news and Advertisements

You may also like

error: Content is protected !!