ജനീവ: സ്വിറ്റ്സർലൻഡിലെ ആൽപ്‌സിലെ ഒരു ബാറിൽ പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ തീപിടുത്തത്തിൽ വൻ ദുരന്തം. ആൽപൈൻ സ്കീ റിസോർട്ട് ടൗണായ ക്രാൻസ് മൊണ്ടാനയിലെ ബാറിലുണ്ടായ സ്ഫോടനത്തിലും തുടർന്നുള്ള അഗ്നിബാധയിലും നിരവധി പേർ മരിച്ചു. 30 -ലതികം പേര് മരിച്ചതായും 100 -ലതികം പേർക്ക് പരിക്കേറ്റതായും ആണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.
വിനോദ സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്‌തമായ ‘ലെ കോൺസ്റ്റലേഷൻ’ എന്ന ബാറിലാണ് പുതുവർഷാഘോഷങ്ങൾക്കിടെ പുലർച്ചെ ഒന്നരയോടെ ദുരന്തമുണ്ടായത്. ആഘോഷങ്ങക്കിടെ ബാറിനുള്ളിൽ ശക്തമായ സ്ഫോടനം ഉണ്ടാവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തുടർന്ന് പടർന്ന തീയിൽ ബാർ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. മരിച്ചവരുടെ കൃത്യമായ എണ്ണം അധികൃതർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
നൂറിലേറെ പേർ കൂടിനിന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിനു പിന്നാലെ ബാറിൽ തീജ്വാലകൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, ആക്രമണമല്ല, തീപിടിത്തമാണ് സ്ഫോടനത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സ്വിസ് പൊലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സുരക്ഷാ സജ്ജീകരണങ്ങളിൽ വീഴ്ച്ചയുണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്. ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി പൊലീസ് പ്രത്യേക ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പൂർത്തിയായ ശേഷം മാത്രമേ അപകടത്തിൻ്റെ വ്യാപ്‌തി സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂ.



