മാഡ്രിഡ്: സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 39 പേർ കൊല്ലപ്പെട്ടു. 150-ളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കോർഡോബക്ക് സമീപം അദാമുസ് പട്ടണത്തിന് അടുത്താണ് അപകടം ഉണ്ടായത്. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് 317 യാത്രക്കാരുമായി പോവുകയായിരുന്ന ഇറിയോ ട്രെയിൻ പാളം തെറ്റുകയും തൊട്ടടുത്ത ട്രാക്കിലേക്ക് മറിഞ്ഞ് മാഡ്രിഡിൽ നിന്ന് ഹുൽവയിലേക്ക് (Huelva) പോവുകയായിരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ‘റെൻഫെ’ (Renfe) കമ്പനിയുടെ അവ് (AVE) ട്രെയിനുമായി കൂട്ടിയിടിക്കുകയുമായിരുന്നു. കൂട്ടിയിടിയെത്തുടർന്ന് തകർന്ന ബോഗികൾക്കുള്ളിൽ നിരവധി യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്പെയിൻ കണ്ട ഏറ്റവും വലിയ റെയിൽ അപകടമാണിത്. അപകടത്തെത്തുടർന്ന് മാഡ്രിഡിനും ദക്ഷിണ സ്പെയിനിനും ഇടയിലുള്ള എല്ലാ അതിവേഗ റെയിൽ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചു. സംഭവത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.



