മലങ്കരസഭാ ചരിത്രത്തിലെ പതിനൊന്നാം ദിവ്യമൂറോൻ കൂദാശ ഇന്ന്. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പുലർച്ചെ 4.30-ന് രാത്രി നമസ്ക്കാരവും പ്രഭാതനമസ്ക്കാരവും ആരംഭിക്കും. തുടർന്ന് 6.40-ന് മുഖ്യകാർമ്മികനായ പരിശുദ്ധ കാതോലിക്കാ ബാവായെ കാതോലിക്കേറ്റ് അരമന ചാപ്പലിലേക്ക് ഭക്തിപുരസരം ആനയിക്കും. 7 മണിക്ക് വിശുദ്ധ മൂറോൻ കൂദാശ ആരംഭിക്കും.
12 വൈദീകർ, 12 പൂർണശെമ്മാശൻമാർ, 12 ഉപശെമ്മാശൻമാർ തുടങ്ങി പൗരോഹിത്യശ്രേണിയിലെ വിവിധ നിലകളിലുള്ളവർ ചേർന്ന് നടത്തുന്ന അതിവിശുദ്ധ ശുശ്രൂഷയാണ് മൂറോൻ കൂദാശ. 8 വർഷങ്ങൾക്കു ശേഷം ആണ് മലങ്കര ഓർത്തഡോക്സ് സഭയിൽ മൂറോൻ കൂദാശ നടക്കുന്നത്. പ്രത്യേകം നിയോഗിക്കപ്പെടുന്ന വൈദികർ 40 ദിവസം ഉപവാസവും പ്രാർഥനയും അനുഷ്ഠിച്ചാണ് ഈ തൈലക്കൂട്ട് തയാറാക്കുന്നത്. ആവശ്യം വരുമ്പോൾ മാത്രം ഈ വിശിഷ്ട തൈലം കൂദാശ ചെയ്യുന്നതിനാൽ അപൂർവമാണ് ഈ ചടങ്ങ്. ഓർത്തഡോക്സ് പാരമ്പര്യ പ്രകാരം പാത്രിയർക്കീസ്, കാതോലിക്കാ എന്നീ സ്ഥാനികൾക്ക് മാത്രമാണ് ഈ കൂദാശ നിർവഹിക്കുവാൻ അവകാശമുള്ളത്.
സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ശുശ്രൂഷ സംവിധാനത്തിന് നേതൃത്വം നൽകും. മലങ്കരമൽപ്പാൻ ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്ക്കോപ്പാ ശുശ്രൂഷയെ സംബന്ധിച്ചുളള വിശദീകരണം നടത്തും. മൂറോൻ കൂദാശയിലെ പരമപ്രധാനമായ ആർക്കദിയാക്കോൻ സ്ഥാനം സഭയുടെ വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ വഹിക്കും. ഒരു ഇടവേളക്ക് ശേഷമാണ് വൈദിക ട്രസ്റ്റി ഈ സ്ഥാനം വഹിക്കുന്നത്. സഭയ്ക്കും പ്രധാന പുരോഹിതനും ഇടയിലെ പാലം എന്ന നിലയിൽ ഉയർന്ന സ്ഥാനമാണ് ആർക്കദിയാക്കോൻ. റവ. ഡോ. എം. പി. ജോർജ് കോർ എപ്പിസ്ക്കോപ്പായുടെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനശുശ്രൂഷ നയിക്കും.
Photos: Mooron Koodasha 2018 March 23; Held at the Catholicate Chapel, Devalokam, led by Catholicos Moran Mar Baselios Marthoma Paulose II.

