Mantis Partners Sydney
Thursday, March 12, 2026
Mantis Partners Sydney
Home » കേരളം ഇടത്-വലതു മുന്നണികളുടെ ചക്രവ്യൂഹത്തിൽനിന്ന് രക്ഷപ്പെടാൻ മനസ്സുകൊണ്ട് തയ്യാറായിരിക്കുന്നു എന്ന് നരേന്ദ്ര മോദി.

കേരളം ഇടത്-വലതു മുന്നണികളുടെ ചക്രവ്യൂഹത്തിൽനിന്ന് രക്ഷപ്പെടാൻ മനസ്സുകൊണ്ട് തയ്യാറായിരിക്കുന്നു എന്ന് നരേന്ദ്ര മോദി.

by Editor
Send your news and Advertisements

കൊച്ചി: കേരളം ഇടത്-വലതു മുന്നണികളുടെ ചക്രവ്യൂഹത്തിൽനിന്ന് രക്ഷപ്പെടാൻ മനസ്സുകൊണ്ട് തയ്യാറായിരിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ എൻഡിഎയ്ക്ക് അവസരം നൽകിയാൽ കേരളത്തിന് വികസനം ഉറപ്പാക്കാമെന്ന് പറഞ്ഞ മോദി ഇത് കേരളത്തിന് മോദിയുടെ ഗ്യാരണ്ടിയാണ് എന്നും പറഞ്ഞു. എൻഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് കൊച്ചിയിലെ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘ജയ് കേരളം, ജയ് വികസിത കേരളം‘ എന്ന മുദ്രാവാക്യം മുഴക്കിയാണ് മോദി പ്രസംഗം ആരംഭിച്ചത്. കേരള ഇനി മുതൽ കേരളം ആയി അറിയപ്പെടണം എന്ന തീരുമാനത്തിൽ തനിക്ക് അഭിമാനമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ എൻഡിഎയ്ക്ക് അഞ്ച് വർഷം നിങ്ങളെ സേവിക്കാനുള്ള അവസരം നൽകണം. എൽഡിഎഫ്-യുഡിഎഫ് അവിശുദ്ധ കൂട്ടുക്കെട്ടിൽ നിന്ന് പുറത്തുകടക്കാൻ കേരളം ആഗ്രഹിക്കുന്നുണ്ട്. അഴിമതി മാഫിയെയും ചുവപ്പുനാട മാഫിയെയും ഹർത്താൽ മാഫിയയെയും എൻഡിഎ അധികാരത്തിലെത്തിയാൽ തുടച്ചു നീക്കുമെന്നും മോദി പറഞ്ഞു. ‘അനുകൂല ഘടകങ്ങൾ ഉണ്ടായിട്ടും കേരളത്തിന് കിട്ടേണ്ട വികസനം ഉണ്ടായിട്ടില്ല. ഇതിന് കാരണം മാറി മാറി ഭരിച്ച എൽഡിഎഫും യുഡിഎഫുമാണ്. ഇരുമുന്നണികളും കേരളത്തിലെ യുവാക്കളെ വഞ്ചിച്ചു.

കേരളത്തിന് മഹത്തായ സംസ്കാരമുണ്ട്. വികസനം മാത്രമുണ്ടാകുന്നില്ല. യുഡിഎഫും എൽഡിഎഫും രണ്ടല്ല ഒന്നാണ്. വികസിത കേരളം സൃഷ്‌ടിക്കാൻ എൻഡിഎയ്ക്ക് മാത്രമേ കഴിയുകയുള്ളു. തൃശൂർ ജനതയും തിരുവനന്തപുരം ജനതയും എൻഡിഎയെ വിശ്വാസത്തിലെടുത്തു. ഇനി മുഴുവൻ കേരളവും എൻഡിഎയെ വിശ്വാസത്തിലെടുക്കാൻ പോവുകയാണ്. കേരളത്തിൽ നിക്ഷേപങ്ങൾ കൂട്ടും. എഐ സാങ്കേതിക വിദ്യയുടെ കേന്ദ്രമായി കേരളത്തെ മാറ്റും.

ഇന്ന് ഞാൻ വികസിത കേരളത്തിൻ്റെ ബിജെപിയുടെ രൂപരേഖ അവതരിപ്പിക്കാനാണ് വന്നത്. വലിയ സമ്മേളനങ്ങൾക്കായി ലോകം കേരളത്തിലെത്തണം. ടൂറിസ്റ്റ് കേന്ദ്രമായി, മാനസിക-ശാരീരിക വികസനത്തിനുള്ള കേന്ദ്രമായി കേരളം മാറണം. വെഡ്ഡിങ് ഡസ്റ്റിനേഷൻ, കോൺഫ്രൻസ് സെൻ്ററിന് ഒക്കെ കേരളം ഒന്നാം സ്ഥാനത്താണ്. ഇതിന് അടിസ്ഥാന സൗകര്യ വികസനം വേണം. ഇതിനായി കേന്ദ്രം നൽകിയ പദ്ധതികൾ തടസമില്ലാതെ നടപ്പാക്കുകയും, പൂർത്തീകരിക്കുകയും വേണം. ഈ നൂറ്റാണ്ടിൻ്റെ കാൽ നൂറ്റാണ്ട് ഇടതു വലതു മുന്നണികൾ യുവാക്കളെ വഞ്ചിക്കുകയായിരുന്നു. കോൺഗ്രസിന് യുവാക്കളെ വിശ്വാസമില്ല. ഭാരതത്തിലെ യുവാക്കൾക്ക് ഡ്രോൺ നിർമ്മിക്കാനുള്ള കഴിവുണ്ട് എന്നു പോലും കോൺഗ്രസിൻ്റെ യുവരാജാവിനറിയില്ല. കൂപ മണ്ടൂകങ്ങളാണ് അവർ. ബിജെപി സർക്കാർ ഇവിടെ ഉണ്ടായാൽ ഇവിടെ നിക്ഷേപത്തിന്റെ അന്തരീക്ഷം ഉണ്ടാക്കാം” മോദി പറഞ്ഞു.

മത്സ്യബന്ധന മേഖലയിലെ ജനങ്ങൾക്ക് കേന്ദ്ര സർക്കാർ പ്രത്യേക പദ്ധതി ഉണ്ടാക്കി. കേരളത്തിലുൾപ്പെടെ 4 ലക്ഷം മത്സ്യബന്ധനക്കാർക്ക് ക്രഡിറ്റ് സംവിധാനത്തിൽ സഹായം കൊടുത്തു. അഞ്ചുലക്ഷം തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് സംവിധാനം ഉണ്ടാക്കി. തിരുവനന്തപുരം വിഴിഞ്ഞം തുറമുഖം കേന്ദ്ര സർക്കാരിൻ്റെ ഈ രംഗത്തെ വലിയ പദ്ധതിയാണ്.ബ്ലൂ എക്കണോമി ശക്തിപ്പെടുത്തിയതിൻ്റെ തെളിവാണ് വിഴിഞ്ഞം തുറമുഖം.

യുദ്ധ സാഹചര്യത്തിൽ ഗൾഫിലുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരെ സുരക്ഷിതരാക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര സർക്കാർ നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദേശരാജ്യങ്ങളിൽ ഭാരതീയർ ആര് സങ്കടത്തിലായാലും അപ്പോൾ രക്ഷയ്‌ക്ക് എത്തും. പശ്ചിമേഷ്യയിലെ യുദ്ധസമാന സാഹചര്യത്തിൽ എല്ലാവർക്കും ആശങ്കയുണ്ട്. എന്നാൽ ആശങ്ക വേണ്ട. പ്രവാസികൾക്ക് എല്ലാ സുരക്ഷയും ഭാരതം നൽകും. എല്ലാ രാജ്യങ്ങളിലും ഭാരതത്തിന് നയതന്ത്ര ഓഫീസുകളുണ്ട്. ഇന്ന് യുദ്ധം നടക്കുന്ന പശ്ചിമേഷ്യൻ മേഖലയിൽ ഭാരതീയർ സുരക്ഷിതരാണെന്ന് നമ്മുടെ രാജ്യം ഉറപ്പാക്കുന്നു. ഗൾഫ് സംഘർഷത്തിൽ ഇന്ത്യക്കാരുടെ ആശങ്കകൾക്കിടയിലും കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. മോദിയെ വിമർശിച്ച് റീലുണ്ടാക്കാനുള്ള വ്യഗ്രതയിലാണ് കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു.

ഊർജ്ജമേഖലയിൽ നമ്മുടെ സ്വയംപര്യാപ്‌തത ഏത് ലോകരാജ്യങ്ങൾക്കും താഴെയല്ല. നമ്മുടെ സൗരോർജ്ജ ശേഷി പല മടങ്ങ് കൂട്ടിയിട്ടുണ്ട്. പെട്രോളിയം മേഖലയിലെ കുറവ് ഇലക്ട്രിക് വാഹനങ്ങൾകൊണ്ട് മറികടക്കുന്നു. റെയിൽവേയിൽ പല മടങ്ങ് നാം ഉർജ്ജ സ്വയംപര്യാപ്‌തത നേടി. രാജ്യത്തെ സ്വയം പര്യാപ്‌തമാക്കാൻ എൻഡിഎ സര്ക്കാർ ശ്രമിക്കുമ്പോൾ കോൺഗ്രസ്സും ഇടതുപക്ഷവും ചേർന്ന് രാജ്യത്തെ മോശപ്പെടുത്താൻ ശ്രമിക്കുന്നു. അവരിൽനിന്ന് അകന്നു നിൽക്കണമെന്നും മോദി ആവശ്യപ്പെട്ടു.

ശബരിമല സ്വർണക്കൊള്ളയിൽ രണ്ട് മുന്നണികളും പങ്കാളികളാണെന്ന് മോദി വിമർശിച്ചു. യുഡിഎഫ് കാലത്ത് സോളാർ അഴിമതിയായിരുന്നു ചർച്ചയെങ്കിൽ എൽഡിഎഫ് കാലത്ത് സിഎംആർഎൽ അഴിമതിയായിരുന്നു ചർച്ച. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എംഎംസി കോൺഗ്രസായി മാറി. മുസ്ലിം ലീഗ് മാവോ കോൺഗ്രസായി കോൺഗ്രസ് മാറി. അധികാരം കിട്ടാൻ ജമാഅത്തെ ഇസ്ലാമിയുമായി വരെ കൂട്ടു ചേരുന്നുവെന്നും മോദി വിമർശിച്ചു.

‘ഇവിടെ ബിജെപി-എൻഡിഎ സർക്കാർ വരണം. ബിജെപി നാടിന്റെ വികസനവും കേരളത്തിന്റെ വികസനവുമാണ് ലക്ഷ്യമിടുന്നത്. ഇരട്ട എഞ്ചിൻ സർക്കാർ വന്നാൽ കേരള വികസനം ഇരട്ടി വേഗത്തിൽ വളരും’. നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രി കൊച്ചിയിൽ; 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു.

You may also like

error: Content is protected !!