തിരുവനന്തപുരം: കൊല്ലം ജില്ലയിലെ തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ ജീവൻ വൈദ്യുതാഘാതമേറ്റ് നഷ്ടപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരമാണ്. മിഥുന്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും മറ്റെല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു. അപകടകാരണം സർക്കാർ വിശദമായി പരിശോധിക്കും. മേലിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കും എന്ന് മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
മിഥുന്റെ ജീവനെടുത്ത അപകടത്തിൽ വിദ്യാഭ്യാസ- വൈദ്യുതി വകുപ്പ് മന്ത്രിമാർ വീഴ്ച സമ്മതിച്ചു. സ്കൂൾ അധികൃതർക്കും കെഎസ്ഇബിക്കും ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ- വൈദ്യുതി വകുപ്പുകളുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്കൂൾ കെട്ടിടത്തിന് മുകളിലൂടെയുള്ള വൈദ്യുത ലൈനിന് തറയിൽ നിന്നും, ഇരുമ്പ് ഷീറ്റിൽ നിന്നും ആവശ്യത്തിന് ഉയരം ഉണ്ടായിരുന്നില്ലെന്നാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ റിപ്പോർട്ട്. അനാസ്ഥ ഉണ്ടായെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. വിശദ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടിയെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മിഥുൻ്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുക. പൊതുവിദ്യാഭ്യാസ മന്ത്രിയാണ് സ്കൗട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന പ്രസിഡന്റ്.
മിഥുന്റെ കുടുംബത്തിന് കെഎസ്ഇബി 5 ലക്ഷം രൂപ ധനയഹായം നൽകുമെന്ന് അറിയിച്ചു. സംഭവത്തിൽ കെഎസ്ഇബി ഉന്നതതല അന്വേഷണം നടത്തുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു.
മിഥുന്റെ വേര്‍പ്പാടില്‍ നെഞ്ച് തകര്‍ന്ന് കൊല്ലം ജില്ലയിലെ വിളന്തറ ഗ്രാമം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുര്‍ക്കിയിലുള്ള മിഥുന്റെ അമ്മ സുജ മറ്റന്നാള്‍ നാട്ടിലെത്തും. തുടര്‍ന്നായിരിക്കും സംസ്‌കാരം നടക്കുക. നിലവിൽ തുർക്കിയിലുള്ള സുജയെ മിഥുന്റെ മരണ വിവരം അറിയിച്ചിട്ടുണ്ട്. നാളെ വൈകീട്ട് തുർക്കിയിൽ നിന്ന് ഇവർ കുവൈറ്റിൽ എത്തും. ശനിയാഴ്ച രാവിലെയായിരിക്കും തിരുവനന്തപുരത്ത് എത്തുക. മിഥുന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു ദാരുണ സംഭവം ഉണ്ടായത്. കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളിലേക്ക് വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മിഥുന് ഷോക്കേറ്റത്. കാല്‍ തെന്നിയ മിഥുന്‍ താഴ്ന്നുകിടന്ന വൈദ്യുതി ലൈനില്‍ പിടിച്ചപ്പോഴാണ് അപകടം. അപകടകരമായ നിലയില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെ കടന്നുപോയ വൈദ്യുതിലൈന്‍ രാത്രി വൈകി വിഛേദിച്ചു.