മിഷിഗണ്‍: അമേരിക്കയിലെ മിഷിഗണില്‍ പള്ളിയില്‍ വെടിവെപ്പ്. 5 മരണം, 8 പേർക്ക് പരുക്കേറ്റു. മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്ക് ടൗൺഷിപ്പിലുള്ള യേശുക്രിസ്തു ഓഫ് ലാറ്റർ-ഡേ സെയിന്റ്സ് പള്ളിയിലാണ് വെടിവെപ്പ് നടന്നത്. വെടിവെച്ച ശേഷം അക്രമി പള്ളിയ്ക്ക് തീയിട്ടു. ബര്‍ട്ടണ്‍ സ്വദേശിയായ നാല്‍പതുകാരനാണ് അക്രമം അഴിച്ചുവിട്ടതെന്ന് മിഷിഗണ്‍ പൊലീസ് പറഞ്ഞു. അക്രമിയെ പോലീസ് വെടി വെച്ച് കൊലപ്പെടുത്തി. അക്രമി ഉൾപ്പെടെയാണ് 5 മരണം.
പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെയായിരുന്നു സംഭവം നടന്നത്. പള്ളിയിലേക്ക് വാഹനം ഓടിച്ചെത്തിയ അക്രമി അപ്രതീക്ഷിതമായി വെടിയുതിര്‍ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെ ഇയാള്‍ പള്ളിക്ക് തീയിടുകയായിരുന്നു. സാഹചര്യം വിലയിരുത്തിയെന്നും എഫ്ബിഐ സംഘം ഉടനടി സ്ഥലത്തെത്തിയെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. പ്രാദേശിക നേതൃത്വത്തിന് എല്ലാവിധ പിന്തുണയും നല്‍കും. അമേരിക്കയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള മറ്റൊരു ആക്രമമായി വേണം ഇതിനെ വിലയിരുത്താന്‍ എന്ന് പറഞ്ഞ ട്രംപ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് അറുതിവേണമെന്നും കൂട്ടിച്ചേര്‍ത്തു.