Mantis Partners Sydney
Tuesday, March 3, 2026
Mantis Partners Sydney
Home » ഇന്ന് Yahoo -വിന് പിറന്നാൾ ; ആശംസകൾ !
ഇന്ന് Yahoo -വിന് പിറന്നാൾ ; ആശംസകൾ !

ഇന്ന് Yahoo -വിന് പിറന്നാൾ ; ആശംസകൾ !

by Editor
Send your news and Advertisements

ഇന്റർനെറ്റ് എന്ന വാക്ക് പോലും പുതുമയായിരുന്ന കാലത്ത്, സൈബർ ലോകത്തിന്റെ കവാടം തുറന്ന പേര് യാഹൂവായിരുന്നു. Jerry Yang-യും David Filo-യും Stanford University-യിൽ വിദ്യാർത്ഥികളായിരിക്കെ ഒരു ഹോബിയായി തുടങ്ങിയ “Jerry and David’s Guide to the World Wide Web” പിന്നീട് ലോകം അറിയുന്ന യാഹൂ ആയി.

1995 മാർച്ച് 2-ന് കമ്പനിയായി രജിസ്റ്റർ ചെയ്തതോടെ, വെബ് ഡയറക്ടറിയായും പിന്നീട് സമ്പൂർണ്ണ വെബ് പോർട്ടലായും യാഹൂ ഇന്റർനെറ്റിന്റെ ആദ്യ രാജാവായി. വാർത്ത, മെയിൽ, കാലാവസ്ഥ, സാമ്പത്തിക വിവരം, ബ്രൗസർ തുറക്കുമ്പോൾ ആദ്യം തെളിഞ്ഞിരുന്ന പേജ് യാഹൂ തന്നെയായിരുന്നു. Yahoo Mail, Yahoo Messenger, Yahoo Groups, ഒരു തലമുറയുടെ ഡിജിറ്റൽ ഓർമ്മകൾ.

എന്നാൽ ഇതെല്ലാം അറിയുന്നതിന് മുമ്പേ ഞാൻ അറിയുന്ന മറ്റൊരു യാഹൂ ഉണ്ടായിരുന്നു…
ഒരു പ്രവാസിയുടെ വിരഹവേദന ദിവസങ്ങൾ എണ്ണി സഹിച്ച അന്നൊരു കാലം. ഇന്റർനെറ്റ് ഇല്ലാതിരുന്ന കാലം.

മധുവിധുവിന്റെ അലസ്യം തീരും മുമ്പേ ഗൾഫിലേക്കും പോയ എന്റെ ഭർത്താവിന്റെ കത്തുകൾ കാത്തിരുന്ന ദിവസങ്ങൾ. മാസത്തിൽ വരുന്ന ഒരു കത്ത് മാത്രം, അതായിരുന്നു ആശ്വാസം. ഓരോ അക്ഷരവും വീണ്ടും വീണ്ടും വായിച്ച് ദൂരം ചുരുക്കാൻ ശ്രമിച്ച ഒരു കാലം. അങ്ങനെയൊരു കാലത്താണ് പ്രവാസി വിരഹത്തിന് ഒരു ഡിജിറ്റൽ മറുപടിയായി Yahoo കടന്നു വന്നത്. ഓർമ്മകൾക്ക് സുഗന്ധം പകർന്ന ഒരു പേരായി.

ഇന്ന് ഒരു വിരൽ സ്പർശം മതി, ദൂരങ്ങളിൽ ഇരിക്കുന്നവരെ മുഖാമുഖം കാണാൻ. അന്ന് കത്തുകളിലൂടെ നടന്ന ബന്ധം, ഇന്ന് സ്ക്രീനിലൂടെ ശ്വാസമെടുക്കുന്നു. ഓർക്കുമ്പോൾ ഇന്നും എന്നുള്ളം തുള്ളുന്നു.

പിന്നീട് Google എത്തിയപ്പോൾ കളി മാറി. ലളിതത്വവും കൃത്യതയും യാഹൂവിനെ പിന്നിലാക്കി. എടുത്ത തീരുമാനങ്ങളിലെ പിഴവുകളും കാലത്തിനൊപ്പം മാറാനായില്ലാത്തതും പതനം വേഗത്തിലാക്കി.

ഒടുവിൽ 2017-ൽ Verizon യാഹൂയെ ഏറ്റെടുത്തു. ഇന്ന് Apollo Global Management -ന്റിന്റെ കീഴിലാണ് യാഹൂ.

എങ്കിലും ഒരു സത്യം മാറ്റമില്ല. ഇന്റർനെറ്റ് സാധാരണക്കാരന്റെ കൈയിലെത്തുന്നതിൽ യാഹൂ വഹിച്ച പങ്ക് ചരിത്രം തന്നെയാണ്. കത്ത് നടന്ന ദൂരങ്ങൾ ക്ലിക്കിൽ ചുരുങ്ങിയപ്പോൾ, ലോകം അടുത്തുവന്നു, മനുഷ്യനും മനുഷ്യനും വീണ്ടും കൈപിടിച്ചു.

മാറുന്ന കാലത്തോട് ഒപ്പം മാറിയില്ലെങ്കിൽ, എത്ര വലിയ ഭീമനായാലും പിന്നിലാകും, യാഹൂ നമ്മെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം അതുതന്നെ.

 

ലീലാമ്മ തോമസ്, ബോട്സ്വാന

You may also like

error: Content is protected !!