കോർക്: അയർലൻഡിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. അയർലൻഡിലെ കൗണ്ടി കോർക്കിലുള്ള ബാൻഡനിൽ താമസിച്ചു വന്നിരുന്ന കോഴിക്കോട് സ്വദേശി രഞ്ജു റോസ് കുര്യൻ (40) ആണ് മരിച്ചത്. അയർലൻഡിലെ പ്രശസ്ത ടൂറിസ്‌റ്റ് കേന്ദ്രങ്ങളിൽ ഒന്നായ കില്ലാർണി നാഷനൽ പാർക്കിലാണ് മൃതദേഹം കണ്ടെത്തിയത്. അയർലൻഡ് പൊലീസ് സ്‌ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി കില്ലാർണി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
രഞ്ജുവിനെ രണ്ട് ദിവസമായി കാണാൻ ഇല്ലായിരുന്നുവെന്ന് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. നഴ്സ് ആയി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിനി ജാനറ്റ് ബേബി ജോസഫ് ആണ് ഭാര്യ. മക്കൾ: ക്രിസ്, ഫെലിക്സ്. കോഴിക്കോടുള്ള ബിസിനസ് കുടുംബത്തിലെ അംഗമായ രഞ്ജു കോർക്കിലെ സ്വകാര്യ സ്ഥാപനത്തിൽ ബസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.