കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ വെറുതേ വിട്ടു. കേസിൽ ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ല എന്നാണ് കോടതി കണ്ടെത്തിയത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി പറഞ്ഞു. സുനിൽകുമാർ (പൾസർ സുനിൽ), മാർട്ടിൻ ആൻ്റണി, മണികണ്ഠൻ, വിജീഷ് വിപി, സലിം എന്ന വടിവാൾ സലീം, പ്രദീപ് എന്നിവരാണ് ഇവർ. പ്രതികൾക്കെതിരെയുള്ള ശിക്ഷ 12 ന് പ്രഖ്യാപിക്കും.
എട്ടാം പ്രതിയായ ദിലീപിനൊപ്പം എഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി സനൽ കുമാർ, പത്താം പ്രതി ശരത് എന്നിവരെയും കോടതി വെറുതേ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്. ദിലീപ് തന്റെ അഭിഭാഷകനായ അഡ്വ. രാമൻ പിള്ളയുടെ ഓഫീസിലാണ് ആദ്യമെത്തിയത്. തുടർന്ന് ഓഫീസിൽ നിന്ന് അഭിഭാഷകർക്കൊപ്പം കോടതിയിലേക്ക് പോവുകയായിരുന്നു. അഡ്വ. രാമൻപിള്ളയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിനോട് മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും പ്രതികരിച്ചില്ല. തുടർന്ന് അഭിഭാഷകർക്കൊപ്പം ദിലീപ് കോടതിയിൽ പ്രവേശിക്കുകയായിരുന്നു. അതിജീവിതയുടെ അഭിഭാഷക ടി.ബി മിനിയും കോടതിയിലെത്തി. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയടക്കമുള്ളവരും അഭിഭാഷകർക്കൊപ്പം കോടതിയിലെത്തിയിരുന്നു.
വിധി കേൾക്കുന്നതിനായി അഭിഭാഷകരെ കൂടാതെ പൊതുജനങ്ങളും കോടതി പരിസരത്ത് എത്തിയിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറ് പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിട്ടുള്ളത്. 2017 ഫെബ്രുവരി 17-ന് അങ്കമാലിയിൽ വച്ചു വാഹനത്തിൽ അതിക്രമിച്ചു കയറി നടിയെ പീഡിപ്പിക്കുകയും അപകീർത്തികമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്ന കേസിൽ എട്ടു വർഷത്തിനു ശേഷമാണ് വിധി വരുന്നത്.
കേസിലെ മുഖ്യ ആസൂത്രകൻ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷൻ വാദം. എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ പ്രോസിക്യൂഷന് തളിവ് ഹാജരാക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നെന്നും തന്റെ കരിയറും ജീവിതവും നശിപ്പിക്കാനായിരുന്നു അതെന്നും കൂടെനിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പ്രാർഥിച്ചവരോടും നന്ദി പറയുന്നെന്നുമായിരുന്നു വിധി വന്ന ശേഷം ദിലീപിന്റെ പ്രതികരണം.
അതേസമയം, സർക്കാർ അപ്പീൽ പോകുമെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. “മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. വിധി പഠിച്ച് അപ്പീൽ പോകാനാണ് അദ്ദേഹം നിർദേശിച്ചത്. സർക്കാർ എപ്പോഴും അതിജീവിതയ്ക്ക് ഒപ്പം ഉറച്ചാണ് നിൽക്കുന്നത്. അത് അവർക്കും ബോധ്യമുള്ളതാണ്. പൂർണമായും അവർക്കു നീതി കിട്ടണം എന്നതാണ് സർക്കാരിൻ്റെ ആവശ്യം” – അദ്ദേഹം പറഞ്ഞു. സർക്കാർ എപ്പോഴും അതിജീവിതയ്ക്കൊപ്പമെന്ന് സിപിഎം നേതാവ് എ.കെ. ബാലനും പറഞ്ഞു.
“ഇതല്ലാതെ വേറെ വിധി പറ്റില്ല. കള്ള തെളിവു കൊണ്ട് ഒരു കേസ് ജയിക്കാൻ പറ്റില്ല. ന്യായമായ വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു” എന്നാണ് ദിലീപിന്റെ വക്കീൽ രാമൻപിള്ള പറഞ്ഞത്. തുടർനടപടി വിധിപ്പകർപ്പ് വന്നശേഷം ആലോചിക്കുമെന്ന് അഭിഭാഷകൻ രാമൻപിള്ള പ്രതികരിച്ചു.


