മുഖ്യമന്ത്രി എറണാകുളത്തുനിന്ന് ആകുമെന്ന എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസ്‌താവനയെ തള്ളി യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എം ലിജു. ഷിയാസിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് എം ലിജു പറഞ്ഞു. അതിന് പിന്നില്‍ പ്രാദേശികമായ വികാരം ആകാം. അതുകൊണ്ടാകാം അവിടെ നിന്നു മുഖ്യമന്ത്രി വേണമെന്ന് പറഞ്ഞത്. ആര് മുഖ്യമന്ത്രിയാകുമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും എം ലിജു വ്യക്തമാക്കി.
എറണാകുളത്ത് നിന്നൊരാൾ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു ഷിയാസിന്റെ പ്രതികരണം. കേരളത്തിലെ പ്രതിപക്ഷത്തെ ശക്തമായി നയിച്ച ആളാണ് സതീശൻ. 10 വർഷത്തെ എല്ലാ തളർച്ചയും ചൂണ്ടിക്കാണിക്കുകയും നമ്മുടെ നാട് ഈ രീതിയിൽ ആകണം എന്ന് ആഗ്രഹിക്കുന്ന മനുഷ്യർക്ക് ഒരു പ്രതീക്ഷ നൽകുകയും ചെയ്യുന്ന നേതാവാണ് സതീശൻ. അപശബ്ദങ്ങളില്ലാതെ എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാനും ഏകോപിപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഭാവി കേരളത്തെക്കുറിച്ച് അദ്ദേഹത്തിന് നല്ല കാഴ്ച്ചപ്പാടുണ്ടെന്നും ഷിയാസ് പറഞ്ഞിരുന്നു.
കെ സി വേണുഗോപാലിനെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നുവെന്നു എം ലിജു
കെ സി വേണുഗോപാലിനെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും എം ലിജു വിമര്‍ശിച്ചു. കെ സി വേണുഗോപാല്‍ രാഷ്ട്രീയമായ ദൗത്യം മാത്രമാണ് നിറവേറ്റുന്നത്. അതിനാണ് അദ്ദേഹത്തെ ആക്രമിക്കുന്നത്. സിപിഐഎം അപമാനിച്ച ജി സുധാകരനെ സംരക്ഷിക്കാനുണ്ടായിരുന്നത് കെ സി വേണുഗോപാലും യുഡിഎഫുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെങ്ങന്നൂരിലും അമ്പലപ്പുഴയിലും പരാജയം ഉറപ്പിച്ചു എന്നതിന്റെ തെളിവാണ് സജി ചെറിയാന്റെ പ്രതികരണമെന്നും എം ലിജു പറഞ്ഞു. ജി.സുധാകരന്റെ ഒരു ആരോപണത്തിനും സിപിഐഎമ്മിന് മറുപടിയില്ല. അതുകൊണ്ടാണ് വ്യക്തിഹത്യ നടത്തുന്നത്. മെയ് നാലിന് ഫലം വരുമ്പോള്‍ ആരാണ് കടലില്‍ ചാടുന്നത് എന്ന് ജനങ്ങള്‍ക്ക് അറിയാം. മുഖ്യമന്ത്രിയും സജി ചെറിയാനും നീന്തല്‍ പഠിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ ലൈഫ് ജാക്കറ്റ് കരുതണമെന്നും ലിജു പരിഹസിച്ചു.
ജി സുധാകരനെ ചുമക്കുന്ന കെ സി വേണുഗോപാൽ ആലപ്പുഴ കടലിൽ ചാടി ചാകുമെന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്. സുധാകരനെ ആറ് മാസത്തിനകം തള്ളി പറയേണ്ടിവരും. ആലപ്പുഴ കടപ്പുറത്ത് പൊളിക്കാത്ത പാലത്തിൽ കൂടി നടന്നു പോയി ചാടും. സുധാകരൻ ജയിച്ചാലും തോറ്റാലും വേണുഗോപാൽ ചെയ്തതിനുള്ളതൊക്കെ അനുഭവിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.

