കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ കനത്ത പോളിങ്. ഏഴ് ജില്ലകളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. സംസ്ഥാന തെര. കമ്മീഷൻ്റെ കണക്ക് അനുസരിച്ച് 70.9 ശതമാനം പോളിംഗാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളം ജില്ലയിലാണ് (74.58%). കുറവ് പോളിങ് പത്തനതിട്ടയിലാണ് (66.78%). തിരുവനന്തപുരം (67.4%), കൊല്ലം (70.36%), ആലപ്പുഴ (73.76%), കോട്ടയം (70.96%), ഇടുക്കി (71.77%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ്. ഈ കണക്ക് അന്തിമം അല്ലെന്നും അവസാന പോളിംഗ് ശതമാന കണക്കുകൾ ഇന്ന് പുറത്ത് വിടുമെന്നും സംസ്ഥാന തെര. കമ്മീഷണർ അറിയിച്ചു.
അങ്ങിങ്ങ് നേരിയ സംഘർഷങ്ങൾ ഉണ്ടായത് ഒഴിച്ചു നിർത്തിയാൽ പോളിങ് പൊതുവെ സമാധാനപരമായിരുന്നു. മലയോര മേഖലയിലടക്കം കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. മൂന്ന് കോർപ്പറേഷനുകൾ, 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് ഇന്നലെ പോളിങ് രേഖപ്പെടുത്തിയത്. ചരിത്രമുന്നേറ്റം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. അതേസമയം, ഭരണമാറ്റത്തിന്റെ തുടക്കമായിരിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ പ്രതികരണം. കേരളം മാറി ചിന്തിക്കുമെന്ന് ബിജെപി നേതൃത്വവും അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം വഞ്ചിയൂരിൽ സിപിഎം പ്രവർത്തകർ കള്ള വോട്ട് ചെയ്‌തു എന്നാരോപിച്ച് ബിജെപിക്കാർ പ്രതിഷേധിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി. ആലപ്പുഴ മണ്ണഞ്ചേരിയിൽ ഗവ. ഹൈസ്‌കൂളിലെ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിങ് മെഷീനിൽ സ്ഥാനാർഥിയുടെ പേര് തെളിയാത്തതിനെ തുടർന്ന് വോട്ടിങ് നിർത്തി വച്ചു. ബി.എസ്.പിയുടെ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ഷൈലജയുടെ പേരാണ് തെളിയാതിരുന്നത്. റീപോളിങ് വേണമെന്ന് ബി.എസ്.പി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വോട്ട് ചെയ്യാനെത്തിയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. തിരുവല്ലം വാർഡിൽ പാച്ചല്ലൂർ സ്കൂളിൽ ബൂത്ത് നമ്പർ ആറിൽ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ശാന്ത (73) എന്ന വോട്ടറാണ് വരിയിൽ നിൽക്കവേ കുഴഞ്ഞു വീണത്.
അതിനിടെ സംസ്‌ഥാനത്ത് വ്യാഴാഴ്‌ച നടക്കുന്ന രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം അവസാനിച്ചു. കലാശക്കൊട്ടിനിടെ മലപ്പുറത്ത് സംഘർഷമുണ്ടായി. എൽഡിഎഫ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ലീഗിൻ്റെ പ്രചാരണ വാഹനം എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിലേയ്ക്ക് വഴിവച്ചതെന്നാണ് ആരോപണം. പൂക്കോട്ടൂർ പഞ്ചായത്തിലെ എട്ടാം വാർഡിലാണ് സംഭവം. പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി.
രണ്ടാംഘട്ടത്തിൽ തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴുജില്ലകളാണ് വ്യാഴാഴ്‌ച വിധിയെഴുതുന്നത്. ബുധനാഴ്ച നിശബ്ദപ്രചാരണമാണ്. കണ്ണൂർ ജില്ലയിൽ 14, കാസർകോട് ഒന്ന് എന്നിങ്ങനെ 15 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. 470 പഞ്ചായത്തിലെ 9027 വാർഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തിലെ 1177 ഡിവിഷനിലേക്കും ഏഴ് ജില്ലാപഞ്ചായത്തിലെ 182 ഡിവിഷനിലേക്കും 47 മുൻസിപ്പാലിറ്റിയിലെ 1834 ഡിവിഷനിലേക്കും തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിലായി 188 ഡിവിഷനിലേക്കുമാണ് തിരഞ്ഞെടുപ്പ്. മലപ്പുറത്ത് മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ യുഡിഎഫ് സ്‌ഥാനാർഥി മരിച്ചതിനാൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്.

