കൊൽക്കത്ത: ഉദ്ഘാടനത്തിന് തൊട്ട് പിന്നാലെ പുത്തൻ വന്ദേഭാരത് സ്ലീപ്പറിൽ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞ് യാത്രക്കാർ. വിമാനയാത്രയ്ക്ക് സമാനമായ അനുഭവം യാത്രക്കാർക്ക് നൽകുമെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽനിന്നു പുറത്തു വന്നിരിക്കുന്ന വിഡിയോ ദൃശ്യങ്ങളിൽ ആണ് ട്രെയിനിൽ മാലിന്യവും ഭക്ഷണവും വലിച്ച് വാരിയിട്ട നിലയിൽ കാണപ്പെട്ടത്. പുത്തൻ വന്ദേഭാരതിനുള്ളിൽ കാണേണ്ടി വന്ന കാര്യങ്ങൾ യാത്രക്കാരൻ ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് ആളുകളുടെ സാമൂഹ്യ ബോധത്തേക്കുറിച്ച് രൂക്ഷമായ വിമർശനം ഉയരുന്നത്.
രാജ്യത്തിന് അഭിമാനമായ പുത്തൻ ട്രെയിനിൻ്റെ ഉദ്ഘാടനം കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ യാത്രക്കാരുടെ ഭാഗത്തുനിന്ന് ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടാകുന്നതിൽ ഏറെ പ്രതിഷേധമാണ് ഉയരുന്നത്. യാത്രക്കാർ വലിച്ചെറിയുന്ന മാലിന്യങ്ങൾ പുതിയ ട്രെയിനിന്റെയും പ്രതിച്ഛായ നശിപ്പിക്കുമെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിലേറെയും. ഇതെല്ലാം റെയിൽവേയുടെ തെറ്റാണോ അതോ യാത്രക്കാരുടെ തെറ്റാണോ എന്ന ചോദ്യത്തോടെയാണ് വീഡിയോ എക്സിൽ പങ്കുവച്ചിട്ടുള്ളത്. പണം നൽകിയാൽ പൗരബോധം വാങ്ങാൻ കഴിയില്ലെന്നും പണത്തിന് വിദ്യാഭ്യാസവുമായി ബന്ധമില്ലെന്നും കമന്റായി ആളുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
958 കിലോമീറ്റർ ദൂരം 14 മണിക്കൂറിനുള്ളിൽ വിമാനയാത്രയ്ക്ക് തുല്യമായി സഞ്ചരിക്കാനുള്ള അവസരവുമായി ഹൗറയ്ക്കും ഗുവാഹത്തിക്കും ഇടയിൽ വന്ദേഭാരത് സ്ലീപ്പർ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് ഇന്നലെയാണ്. ദീർഘദൂര ട്രെയിൻ യാത്ര പൂർണ്ണമായും മാറ്റുമെന്ന ആശയത്തിലാണ് വന്ദേ ഭാരത് സ്ലീപ്പർ എത്തിയത്. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സ്ലീപ്പർ ട്രെയിനെന്ന പദവിയും പുതിയ വന്ദേഭാരതിനാണ് ഉള്ളത്. ട്രെയിൻ യാത്ര വിമാന യാത്ര പോലെയുള്ള അനുഭവമാക്കാൻ ശ്രമിക്കുമ്പോഴാണ് യാത്രക്കാരുടെ മോശം പെരുമാറ്റം ചർച്ച ചെയ്യപ്പെടുന്നത്.
രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.



