മിലാൻ: വിഖ്യാത ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. അതീവ ദുഖത്തോടെ വിയോഗ വാർത്ത അറിയിക്കുന്നുവെന്നും വീട്ടിൽവച്ചായിരുന്നു അന്ത്യമെന്നും അർമാനി ഗ്രൂപ്പ് വ്യക്തമാക്കി. തൻ്റെ അവസാന നാളുകളിലും കമ്പനിക്കും പുതിയ ഫാഷൻ ശേഖരത്തിനുമായി അദേഹം അക്ഷീണം പ്രവർത്തിച്ചതായി അർമാനി എക്സ്ചേഞ്ച് പ്രസ്‌താവനയിൽ അറിയിച്ചു.
സ്ത്രീകളുടെയും പുരുഷൻമാരുടെയും വസ്ത്ര സങ്കൽപ്പങ്ങൾക്ക് പുതിയ മാനം നൽകിയ ഇറ്റാലിയൻ ഡിസൈനറായിരുന്നു ജോർജിയോ അർമാനി. അർമാനി എക്സ്ചേഞ്ച് ഗ്രൂപ്പ് സ്ഥാപകൻ കൂടിയാണ് ജോർജിയോ. ഹൗട്ട്ക്കോച്ചർ, റെഡി മെയ്ഡ് വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, ഷൂ, വാച്ചുകൾ, ആഭരണങ്ങൾ, ഫാഷൻ സാധനങ്ങൾ, കണ്ണടകൾ, സൗന്ദര്യവർധക വസ്‌തുക്കൾ ഹോം ഇൻ്റീരിയറുകൾ തുടങ്ങിയ വിവിധ മേഖലകളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അദേഹം. പ്രതിവര്‍ഷം ഏകദേശം 2.3 ബില്യൻ യൂറോ വിറ്റുവരവുള്ള കമ്പനിയായി അര്‍മാനി ഗ്രൂപ്പിനെ അദ്ദേഹം വളര്‍ത്തിയെടുത്തു. മിലാൻ ഫാഷൻ വീക്കിൽ തൻ്റെ കൈയൊപ്പ് ചാർത്തിയ ജോർജിയോ അർമാനി ഫാഷൻ ഹൗസിൽ തന്റെ 50-ാം വാർഷികം ആഘോഷിക്കുന്നതിനായി തയ്യാറെടുക്കുന്നതിനിടെയാണ് വിടവാങ്ങിയത്.