Mantis Partners Sydney
Tuesday, March 3, 2026
Mantis Partners Sydney
Home » തോമസിന്റെ ഭാര്യ
തോമസിന്റെ ഭാര്യ

തോമസിന്റെ ഭാര്യ

by Editor
Send your news and Advertisements

“കാണാതെ വിശ്വസിക്കില്ല” എന്ന് പറഞ്ഞ അപ്പസ്തോലൻ തോമസ് എന്ന മനുഷ്യനെ എനിക്ക് എപ്പോഴും വലിയ ഇഷ്ടമായിരുന്നു.
അത് ഒരു വാദമല്ലായിരുന്നു. ഒരു സ്വഭാവസാദൃശ്യം മാത്രമാണ്.
അങ്ങനെ ഞാൻ ധ്യാനം ചെയ്തു: കർത്താവേ, ഈ പേരുള്ള ഒരാളെ ഞാൻ കാത്തിരിക്കുന്നു.
അങ്ങനെ ധ്യാനത്തിലിരുന്ന ഒരു ദിവസമാണ് തൈപ്പറമ്പിൽ തോമസിനെ ഞാൻ കണ്ടുമുട്ടുന്നത്.
ചാടിക്കയറി ഞാൻ പറഞ്ഞു: “എനിക്ക് ഈ തോമസിന്റെ ഭാര്യയായാൽ മതി.”
അത് തമാശയായിരുന്നില്ല. അത് ഒരു ഉള്ളറ തീരുമാനമായിരുന്നു.

ഇന്നലെ ഫേസ്ബുക്കിലെ സെലിബ്രിറ്റി ആയ ആലിസ് സെബാസ്റ്റ്യൻ കൂട്ടുകാരികളും ഒരു ചോദ്യം ചോദിച്ചു:
“യേശുവിന്റെ ശിഷ്യന്മാർ വിവാഹം കഴിച്ചവരായിരുന്നോ?” അവർക്കു കുടുംബജീവിതമുണ്ടായിരുന്നോ?
എപ്പോഴും കർത്താവിന്റെ കൂടെയായിരുന്നവർ, അവർ സന്യാസികളായിരുന്നോ?

ഞാൻ മറുപടി എഴുതുമ്പോൾ ഒരു ചരിത്രവാദം ഉയർത്താൻ ശ്രമിച്ചതല്ല. ഇത് ഒരു ആത്മകഥയുടെ ഭാഷയാണ്. ഒരു ആത്മസത്യത്തിന്റെ ശബ്ദമാണ്. “കാണാതെ വിശ്വസിക്കില്ല” എന്ന് പറഞ്ഞ അപ്പസ്തോലൻ തോമസിന്റെ പേരുള്ള വേറൊരു തോമസിന്റെ ഭാര്യയാണ് ഞാൻ.

അത് രേഖാപരമായ അവകാശവാദമല്ല. അത് ഒരു ആത്മസമ്മതമാണ്. തോമസിന് ഭാര്യയുണ്ടായിരുന്നുവോ ഇല്ലയോ, ചരിത്രം അതിൽ നിശ്ശബ്ദമാണ്. എന്നാൽ ആ നിശ്ശബ്ദതയെ കുറ്റബോധത്തോടെ നിറക്കേണ്ടതില്ല.

ഓർമ്മകൾ ചിലപ്പോൾ രേഖകളേക്കാൾ സത്യസന്ധമാണ്. ആ ഓർമ്മയുടെ പേരിലാണ് ഞാൻ ഒരു തോമസിനെ കാത്തിരുന്നത്. ഒടുവിൽ തൈപ്പറമ്പിൽ തോമസ് എന്ന സുന്ദരൻ എന്നെ വിവാഹം കഴിച്ചു.

2) യൂദാസ് ഇസ്കാരിയോത്ത് വിവാഹം ചെയ്തിരുന്നോ ഇല്ലയോ?
അതിലും ചരിത്രം മൗനമാണ്. ആ മൗനം പാപകഥയായി മാറ്റേണ്ടതില്ല.

ഒരു ദിവസം പൈസ കിട്ടിയാൽ പിന്നെ കല്യാണം എന്ന മനുഷ്യചിന്ത അദ്ദേഹത്തിനും ഉണ്ടായിരിക്കാം.
അത് അദ്ദേഹത്തിന്റെ ദൗർബല്യമല്ല, മനുഷ്യന്റെ ദൗർബല്യമാണ്.

ശിഷ്യന്മാർ ആകാശത്ത് നിന്നിറങ്ങിയവരായിരുന്നില്ല. അവർ മീൻപിടുത്തക്കാരായിരുന്നു.
കടലിൽ നിന്ന് മടങ്ങുമ്പോൾ വീട് ഓർത്തവരായിരുന്നു. ഭാര്യയെ ഓർത്തവരായിരുന്നു.
പത്രോസ് അപ്പസ്തോലൻ ഭാര്യയുണ്ടായിരുന്നുവെന്ന് ബൈബിൾ തന്നെ പറയുന്നു.
അദ്ദേഹത്തിന്റെ മാമിയമ്മ രോഗബാധിതയായപ്പോൾ യേശുക്രിസ്തു സ്വയം എത്തി അവരെ സുഖപ്പെടുത്തി.

ഇത് കുടുംബജീവിതത്തിന്റെ നിഷേധമല്ല, അംഗീകാരമാണ്. അവർ സന്യാസികൾ ആയിരുന്നില്ല.
കുടുംബം ഉണ്ടായിട്ടും ദൗത്യത്തിന് മുൻഗണന നൽകിയവരായിരുന്നു. കർത്താവിന്റെ കൂടെ നടന്നത്
കുടുംബമില്ലാത്തതിനാൽ അല്ല. കൂടെയിരിക്കേണ്ടത് സത്യം ആയതിനാലാണ്.

അവരുടെ ജീവിതം പിന്നീട് സഭയിൽ രൂപപ്പെട്ട സന്യാസപരമ്പരയുടെ മാതൃകയല്ല. അവർ കുടുംബം ഉപേക്ഷിച്ചവരല്ല. മറിച്ച് സാധാരണ മനുഷ്യരായി അസാധാരണ സത്യം മുൻഗണന നൽകിയവർ.
ഇത് ആരെയും കുറ്റപ്പെടുത്തുന്ന ഒരു വാദമല്ല.

ഇത് മനുഷ്യരെ മനുഷ്യരായി കാണാനുള്ള ഒരു ആത്മീയ അഭ്യർത്ഥന മാത്രമാണ്.

ലീലാമ്മ തോമസ്, ബോട്സ്വാന

You may also like

error: Content is protected !!