ബാത്തുമി: ജോർജിയയിലെ ബാത്തുമിയിൽ ഇന്നലെ പിറന്നത് ഇന്ത്യൻ ചെസിന്റെ സുവർണമുഹൂർത്തം. ഇന്ത്യൻ ചെസ്സ് ലോകത്തിന് അഭിമാനകരമായ നിമിഷം സമ്മാനിച്ച് FIDE വനിതാ ലോകകപ്പ് 2025-ന്റെ ഫൈനലിൽ ഇന്ത്യൻ താരങ്ങളായ കൊനേരു ഹംപിയും ദിവ്യാ ദേശ്മുഖും ഏറ്റുമുട്ടും. ഫൈനൽ വിജയി ആര് തന്നെയായാലും വനിതാ ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് എത്തുമെന്ന ആവേശത്തിലാണ് ഇന്ത്യൻ ചെസ്സ് പ്രേമികൾ. ഈ ചരിത്രനിമിഷത്തിനായി ലോകമെമ്പാടുമുള്ള ചെസ് പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുകയാണ്.
ജോർജിയയിലെ ബാത്തുമിയിൽ നടന്ന സെമിഫൈനലിൽ ചൈനയുടെ ലീ ടിങ്ജിയെ അവിശ്വസനീയമായ പോരാട്ടത്തിലൂടെ പരാജയപ്പെടുത്തിയാണ് കൊനേരു ഹംപി ഫൈനലിൽ പ്രവേശിച്ചത്. ചൈനയുടെ ടാൻ സോങ്‌യിക്കെതിരെ മികച്ച വിജയം നേടിയാണ് ദിവ്യാ ദേശ്മുഖ് ഫൈനലിൽ പ്രവേശിച്ചത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ദിവ്യയുടെ നേട്ടവും ശ്രദ്ധേയമാണ്. ജൂലൈ 26, 27 തീയതികളിലാണ് ഹംപിയും ദിവ്യയും തമ്മിലുള്ള ഗ്രാൻഡ് ഫൈനൽ നടക്കുക. ആവശ്യമെങ്കിൽ ടൈബ്രേക്കുകൾ ജൂലൈ 28-ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. രണ്ട് ഇന്ത്യൻ താരങ്ങൾ ഒരു ലോകകപ്പ് ഫൈനലിൽ നേർക്കുനേർ വരുന്നത് ഇന്ത്യൻ കായിക ലോകത്തിന് വലിയൊരു പ്രോത്സാഹനമാണ്.