തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത പോളിങ്. ഒടുവിൽ കിട്ടുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 78.27 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്കനുസരിച്ച് പോളിങ് ശതമാനം ഇനിയും ഉയര്‍ന്നേക്കാം. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനത്തേക്കാൾ (76%) ഏകദേശം 2.27% വർധനവാണിത്. ഫലമറിയാന്‍ ഇനി 25 നാള്‍ കാത്തിരിക്കണം. മെയ് നാലിനാണ് വോട്ടെണ്ണല്‍.
കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച പോളിങ് ശതമാനങ്ങളിൽ ഒന്നാണ് ഇത്തവണ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇത്തവണത്തെ പോളിങ് ശതമാനത്തിലെ വർധനവിൽ വലിയ അത്ഭുതത്തിന് വകയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ‘എസ്.ഐ.ആർ’ ആണ്. ഇരട്ടിപ്പുകളും ഒഴിവാക്കലുകളും കഴിഞ്ഞ ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ ബലപരീക്ഷണം കൂടിയായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ്. മരണപ്പെട്ടവരെ അടക്കം ഒഴിവാക്കിയുള്ള വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം ഉയരുന്നത് സ്വാഭാവികമാണ്. പുതിയ വോട്ടർപട്ടികയിലെ വോട്ട് സമവാക്യങ്ങൾ ആരെ തുണക്കുമെന്ന കാര്യത്തിൽ വ്യക്തത വരുത്തുക അത്ര എളുപ്പമായിരിക്കില്ല.
കഴിഞ്ഞ നാലുപതിറ്റാണ്ടിനിടെ നടന്ന ഒൻപത് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പോളിങ് 70 ശതമാനത്തിനു മേലെയാണ്. 1982 മുതൽ 2021 വരെ നാലുതവണ യുഡിഎഫും അഞ്ചുതവണ എൽഡിഎഫും അധികാരംനേടി. ഇക്കാലയളവിൽ ഏറ്റവുംകൂടിയ പോളിങ് 1987-ലാണ്. അന്ന് സമ്മതിദാനം വിനിയോഗിച്ചത് 80.54 ശതമാനം പേരാണ്. നാലു പതിറ്റാണ്ടിലെ റെക്കോഡ് പോളിങ്ങും ഇതാണ്. 1996-ലാണ് ഏറ്റവും കുറവ്, 71.16 ശതമാനം.
’87-ലും ’96-ലും ഇടതു മുന്നണിയാണ് അധികാരം നേടിയത്. 2011-ലും 2016-ലും പോളിങ് 75 ശതമാനം പിന്നിട്ടു. യഥാക്രമം 75.12 ശതമാനം, 77.35 ശതമാനം എന്നിങ്ങനെയായിരുന്നു ആ രണ്ടുതവണത്തെ കണക്ക്. 2011-ൽ യു.ഡി.എഫും 2016-ൽ എൽ.ഡി.എഫും അധികാരം നേടി.

