തിരുവനന്തപുരം: കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെ കേരളം ഇന്നു പോളിങ് ബൂത്തിലേക്ക്. 140 നിയമസഭാ മണ്‌ഡലങ്ങളിലും രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെയാണു വോട്ടെടുപ്പ്. പതിനാറാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 883 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 53984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 27196936 സമ്മതിദായകരാണുള്ളത്. 24 ഓക്‌സിലറി ബൂത്തുകള്‍ അടക്കം 30,495 പോളിങ് ബൂത്തുകളാണ് സംസ്‌ഥാനത്തു ക്രമീകരിച്ചിട്ടുള്ളത്. ചൂട് ക്രമീകരണ നടപടികളുടെ ഭാഗമായി ബൂത്തുകളില്‍ കുടിവെള്ളം, വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങള്‍ എന്നിവയുണ്ടാകും.
ഉത്സവാന്തരീക്ഷത്തില്‍ വോട്ടെടുപ്പു നടത്താന്‍ പോളിങ് ബൂത്തുകള്‍ അലങ്കരിക്കും. പ്രവാസി വോട്ടര്‍മാരായി ഇത്തവണ 2,42,093 പേരുണ്ട്. നല്ലൊരു ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്താനായി വിദേശങ്ങളില്‍നിന്നു നാട്ടില്‍ എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കുന്ന വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൂടാതെ മറ്റു 11 രേഖകള്‍കൂടി വോട്ടു ചെയ്യാന്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
85 വയസിനു മുകളിലുള്ള 2.07 ലക്ഷം വോട്ടര്‍മാരില്‍ 98 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ പറഞ്ഞു. 160 കമ്പനി കേന്ദ്രസേനാംഗങ്ങള്‍ അടക്കം 76,000 പോലീസ് ഉദ്യോഗസ്‌ഥരെ ക്രമസമാധാനം ഉറപ്പാക്കാന്‍ നിയോഗിക്കും.
25 ദിവസം നീണ്ട പരസ്യപ്രചാരണം ഏഴിനു വൈകുന്നേരം കൊട്ടിക്കലാശത്തോടെ സമാപിച്ചതോടെ ഇന്നലെ നിശബ്‌ദ പ്രചാരണത്തിന്റെ ദിനമായിരുന്നു. സ്‌ഥാനാര്‍ഥികള്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് തേടി. വോട്ടെണ്ണലും ഫലപ്രഖ്യാപനവും അടുത്ത മാസം നാലിന്. നൂറിലേറെ സീറ്റുകള്‍ നേടി അധികാരത്തില്‍ മടങ്ങിയെത്തുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ. മികച്ച ഭൂരിപക്ഷവുമായി മൂന്നാം തവണയും അധികാരമുറപ്പിക്കുമെന്ന് എല്‍.ഡി.എഫും പ്രതീക്ഷിക്കുന്നു. ഏതാനും സീറ്റുകള്‍ നേടി സംസ്‌ഥാനത്തു നിര്‍ണായക ശക്‌തിയായി മാറുമെന്നു ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എയും പറയുന്നു.
Kerala Assembly Election Candidates >>

