ന്യൂ ഡൽഹി: കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9-ന്. മേയ് 4-ന് ആണ് വോട്ടെണ്ണൽ. പുതുച്ചേരി, അസം തിരഞ്ഞെടുപ്പ് കേരളത്തിനൊപ്പം നടക്കും. തമിഴ്നാട്ടിൽ ഏപ്രിൽ 23-നും ബംഗാളിൽ രണ്ടു ഘട്ടങ്ങളായി ഏപ്രിൽ 23, 29 തീയതികളിലും തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചു.
എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ മെയ് 4-നായിരിക്കും. തീയതി പ്രഖ്യാപിച്ചതിനാൽ ഇന്ന് മുതൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി കമ്മീഷൻ വ്യക്തമാക്കി. കേരളത്തിൽ എസ് ഐ ആറിനുശേഷം മാർച്ച് 13 വരെയുള്ള കണക്ക് പ്രകാരം 2.70 കോടി വോട്ടര്‍മാരായുള്ളത്.
കേരളത്തിൽ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം മാർച്ച് 23. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം മാർച്ച് 26 ആണ്. കേരളത്തിൽ 30,471 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. എല്ലാ പോളിംഗ് ബൂത്തുകളിലും 100 % വെബ്ബ് കാസ്റ്റിംഗ് ഏർപ്പെടുത്തും. പോളിങ് സ്റ്റേഷനുകളിൽ കുടിവെള്ളം, റാമ്പ് , വെളിച്ചം ,വീൽ ചെയർ ഉറപ്പാക്കും. പോളിങ് സ്റ്റേഷനുകൾക്ക് പുറത്ത് മൊബൈലുകൾ സൂക്ഷിക്കാൻ സൗകര്യം ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഒരു പോളിംഗ് സ്റ്റേഷനിൽ പരമാവധി 1200 വോട്ടർമാർ മാത്രമാകും അനുവദിക്കുക.
കേരളത്തിൽ 140 സീറ്റുകളിലേക്കും, പശ്ചിമബംഗാളിൽ 294, തമിഴ്നാട്ടിൽ 234, അസമിൽ 126, പുതുശ്ശേരിയിൽ 30 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ 8 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കും.
കേരളത്തിൽ മൂന്നാം തുടർ ഭരണം എൽ ഡി എഫ് ലക്ഷ്യമിടുമ്പോൾ അധികാര വഴിയിൽ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ് യു ഡി എഫ്. തമിഴ്നാട്ടിലാകട്ടെ സ്റ്റാലിന്‍റെ നേതൃത്വത്തിൽ ഡി എം കെ സർക്കാരും തുടർ ഭരണമാണ് ലക്ഷ്യമിടുന്നത്. എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ എ ഐ എ ഡി എം കെ ഭരണത്തിൽ തിരിച്ചെത്താമെന്ന സ്വപ്നം കാണുമ്പോൾ നടൻ വിജയ് നയിക്കുന്ന ടി വി കെയുടേത് അത്ഭുത വിജയമെന്ന സ്വപ്നമാണ്.
34 വർഷത്തെ സി പി എം ഭരണത്തിന് അറുതിവരുത്തി 2011 ൽ അധികാരത്തിലേറിയ മമതയുടെ തൃണമൂൽ ബംഗാളിൽ തുടർച്ചയായ നാലാം ഭരണകാലത്തിനായുള്ള പോരാട്ടത്തിലാണ്. ശക്തമായ വെല്ലുവിളിയുയർത്തുന്ന ബി ജെ പി, ബംഗാൾ ജനതയും ഡബിൾ എഞ്ചിൻ സർക്കാരിനെ തിരഞ്ഞെടുക്കുമെന്ന പ്രതീക്ഷയിലാണ്. അധികാര വഴിയിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ സി പി എമ്മും കോൺഗ്രസും പങ്കുവയ്ക്കുന്നുണ്ട്. അസമിലും പുതുച്ചേരിയിലും ബി ജെ പി അധികാര തുടർച്ച ലക്ഷ്യമിടുമ്പോൾ കോൺഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ്.


