Mantis Partners Sydney
Thursday, March 5, 2026
Mantis Partners Sydney
Home » നിയമസഭാ തിരഞ്ഞെടുപ്പ്: 110 സീറ്റ് ലക്ഷ്യമിട്ടു എൽ ഡി എഫ്, ഭരണം ഉറപ്പിച്ച് യു ഡി എഫ്, 10 സീറ്റ് എങ്കിലും പിടിക്കുമെന്ന് ബി ജെ പി
തിരഞ്ഞെടുപ്പ്

നിയമസഭാ തിരഞ്ഞെടുപ്പ്: 110 സീറ്റ് ലക്ഷ്യമിട്ടു എൽ ഡി എഫ്, ഭരണം ഉറപ്പിച്ച് യു ഡി എഫ്, 10 സീറ്റ് എങ്കിലും പിടിക്കുമെന്ന് ബി ജെ പി

by Editor
Send your news and Advertisements

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാംവാരം നടന്നേക്കുമെന്ന സൂചനകൾക്കിടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി മുന്നണികൾ. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്ഥമായി ഏതാണ് മുപ്പതോളം മണ്ഡലങ്ങളിൽ ത്രികോണ മത്സരത്തിനുള്ള സാധ്യതയാണ് തെളിഞ്ഞു വരുന്നത്. കോൺഗ്രസിനായാലും ഇടതുപക്ഷത്തിനായാലും ഈ തിരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണ്. ഇന്ത്യയിൽ കേരളം മാത്രമാണ് ഇടതുപക്ഷം ഭരണത്തിൽ ഉള്ള സംസ്ഥാനം. തുടർച്ചയായി രണ്ടു തവണ പ്രതിപക്ഷത്തു ഇരിക്കേണ്ടി വന്ന യു ഡി എഫിനു ഈ തവണ കൂടി ഭരണത്തിൽ എത്താൻ സാധിച്ചില്ലെങ്കിൽ ആ മുന്നണി തന്നെ അപ്രസക്തമാക്കുന്ന അവസ്ഥ ഉണ്ടാകും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പല മണ്ഡലങ്ങളിലും വോട്ടുകൾ വർദ്ധിപ്പിക്കാൻ സാധിച്ച ബി ജെ പി യ്ക്ക് ഏതാണ്ട് മുപ്പതോളം മണ്ഡലങ്ങളിൽ നല്ല മത്സരം കാഴ്ച്ച വെയ്ക്കാൻ സാധിക്കുമെന്നും അതിൽ പത്തോളം സീറ്റുകളിൽ വിജയിക്കാമെന്ന പ്രതീക്ഷയിലും ആണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ലക്ഷ്യമിട്ട് ആണ് എല്‍ഡിഎഫ് ഇറങ്ങുന്നത്. 110 സീറ്റാണ് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി ഇന്നലെ മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് കൂടിക്കാഴ്ചയിലെ വിലയിരുത്തല്‍. കൂടിക്കാഴ്ച മൂന്ന് മണിക്കൂര്‍ നീണ്ടു. വികസന പ്രവര്‍ത്തനങ്ങള്‍ ഊന്നിപ്പറഞ്ഞ് വേണം വോട്ടര്‍മാരെ സമീപിക്കാനെന്നും പിന്നോട്ട് പോയ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുഖ്യമന്ത്രി മന്ത്രിമാരോട് നിര്‍ദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായെന്നും അവയെ മറികടക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണനേട്ടം ജനങ്ങളിലെത്തിക്കാൻ 50 ദിവസത്തെ കർമ പദ്ധതി നടപ്പിലാക്കും. മണ്ഡലങ്ങളുടെ ഏകോപന ചുമതല മന്ത്രിമാർക്ക് വീതിച്ചു നൽകി.

അതേസമയം നൂറു സീറ്റിലധികം നേടി വിജയിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത്കൊണ്ടാണ് കോണ്‍ഗ്രസിന്റെ നേതൃസംഗമം വയനാട്ടില്‍ അവസാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 85 സീറ്റില്‍ വിജയം ഉറപ്പെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ചുവടുപിടിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് ജാഗ്രതയോടെ എത്തണമെന്നാണ് നേതാക്കള്‍ ‘ലക്ഷ്യ ലീഡേഴ്സ് സമ്മിറ്റില്‍’ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എഐസിസി (AICC) പ്രത്യേക നിരീക്ഷകരെ നിയോഗിച്ചു. സച്ചിൻ പൈലറ്റ്, കനയ്യ കുമാർ, ഇമ്രാൻ പ്രതാപ് ഗഡി, കെ.ജെ. ജോർജ് എന്നിവരടങ്ങുന്ന സംഘത്തെയാണ് ഹൈക്കമാൻഡ് നിയോഗിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നും, ബിജെപിയും സിപിഎമ്മും ഒത്തുകളിച്ചാലും ജനവികാരം കോൺഗ്രസിനൊപ്പമായിരിക്കുമെന്നുമാണ് കോൺഗ്രസ് വിലയിരുത്തൽ.

ഭരണം ഉറപ്പെന്ന അമിത വിശ്വാസത്തോടെ കോൺഗ്രസ് നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിനുള്ള രൂപരേഖയുമായി കളത്തിലിറങ്ങിയപ്പോൾ, മൂന്നാം ഊഴം ഉറപ്പാക്കാനുള്ള കോട്ട പണിയുകയാണ് സി.പി.എം. ജനങ്ങൾക്കിടയിൽ മതിപ്പുള്ളവരെ സ്ഥാനാർത്ഥിയാക്കിയാലേ ജയിച്ചുകയറാൻ കഴിയൂ എന്ന അഭിപ്രായത്തിനാണ് മുന്നണികളിൽ മുൻതൂക്കം. മാനദണ്ഡങ്ങളുടെ പേരിൽ മാറ്റിനിറുത്തിയ പല പ്രമുഖരെയും തിരിച്ചുവിളിച്ച് സ്ഥാനാർത്ഥിയാക്കാൻവരെ സി.പി.എം തയ്യാറാവുന്നുവെന്നാണ് സൂചന. നിലവിലെ നാല് മന്ത്രിമാരെയും സി.പി.ഐ കളത്തിലിറക്കും. തദ്ദേശത്തിലെ വിജയത്തിളക്കം നൽകുന്ന ഊർജത്തിൽ നൂറ് സീറ്റ് എന്നതാണ് യുഡിഎഫ് ലക്‌ഷ്യം. യുവാക്കൾക്ക് കൂടുതൽ അവസരമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതിപക്ഷനേതാവ് വി.ഡി.സതീശനുമൊക്കെ പറയുന്നുണ്ടെങ്കിലും മുൻ കെ.പി.സി.സി അദ്ധ്യക്ഷന്മാരുൾപ്പെടെ അരഡസനോളം മുതിർന്ന നേതാക്കളെങ്കിലും സ്ഥാനാർത്ഥി ലൈനപ്പിലുണ്ടാവും. ഒരു മുഴം മുൻപേ എറിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന 30 സീറ്റുകളിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ആണ് ബിജെപി തീരുമാനം.

Kerala Election Details >>

You may also like

error: Content is protected !!