ന്യൂഡൽഹി: ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് സ്ഥാപകനുമായ കാന്തപുരം എപി അബൂബക്കർ മുസല്യാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്ന വിഷയങ്ങൾ അബൂബക്കർ മുസല്യാർ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. റംസാൻ സന്ദേശവും കൈമാറിയ ശേഷമാണു കൂടിക്കാഴ്ച അവസാനിച്ചത്.
രാജ്യാന്തര തലത്തിൽ സമാധാനം ഉറപ്പുവരുത്തുന്നതിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന നയതന്ത്ര ഇടപെടലുകളെ കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ രാഷ്‌ട്രീയം ചർച്ച ചെയ്തിട്ടില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് സമസ്ത ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി. കേരളത്തിലെ ജനകീയ പ്രശ്നങ്ങൾ പ്രധാനമന്ത്രിക്ക് മുൻപിൽ അവതരിപ്പിച്ചു എന്നും കേന്ദ്രസർക്കാറിന്റെ പരിധിയിൽ വരുന്ന വിഷയങ്ങളിൽ ഇടപെട്ട് പരിഹാരം കാണുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായും കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.
മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ് ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ പദ്ധതികൾ പുനഃസ്ഥാപിക്കണമെന്നും, വഖഫ് – എസ്ഐആർ വിഷയങ്ങളിലെ ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അലിഗഢ് മുസ്ലിം സർവകലാശാലയുടെ മലപ്പുറം സെന്റർ വികസനം, ഉത്തരേന്ത്യയിലെ ഇസ്ലാമിക് സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധികൾ, പുരാതന മസ്ജിദുകളുടെയും പൈതൃക സ്മാരകങ്ങളുടെയും സംരക്ഷണം എന്നിവ ചർച്ചയായി. ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.
ജംഇയ്യത്തുൽ ഉലമയുടെയും മർകസിന്റെയും നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുന്ന ഇടപെടലുകളെ അദ്ദേഹം പ്രത്യേകം പരാമർശിച്ചവെന്നും കാന്തപുരം പ്രസ്താവയിൽ വയ്ക്തമാക്കി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ് വൈ എസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.


