ന്യൂഡൽഹി: തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവനും 2001 ലെ പാർലമെൻ്റ് ആക്രമണം ഉൾപ്പെടെ ഇന്ത്യയിലെ നിരവധി ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദിയുമായ മസൂദ് അസ്ഹറിനെ പാക് അധീന കാശ്മീരിൽ കണ്ടതായി വിവരം. പാക് അധീന കാശ്മീരിലെ ഗിൽഗിത്-ബാൾട്ടിസ്ഥാൻ മേഖലയിലാണ് മസൂദിനെ കണ്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഗിൽഗിത്-ബാൾട്ടിസ്ഥാൻ മേഖലയിലെ സ്‌കർദുവിലുള്ള സദ്‌പാറ റോഡ് പരിസരത്താണ് അസ്ഹറിനെ കണ്ടത് എന്നാണ് വിവരം.
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ മസൂദ് അസറിന്റെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രങ്ങളിൽ ബഹവൽപൂരിലെ ജെയ്ഷെ മുഹമ്മദിന്റെ അസ്ഥാനവും മദ്രസയുമുൾപ്പടെ ഇന്ത്യൻ സൈന്യം തകർത്തിരുന്നു.
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള കൊടും ഭീകരനാണ് മസൂദ് അസ്ഹർ. 2016-ലെ പത്താൻകോട്ട് വ്യോമസേനാ താവളത്തിലെ ആക്രമണം, 40-ൽ അധികം സൈനികർ കൊല്ലപ്പെട്ട 2019-ലെ പുൽവാമ ഭീകരാക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിലെ നിരവധി ഭീകര പ്രവർത്തനങ്ങളുടെ സൂത്രധാരനായിരുന്നു അസ്ഹർ. ഇന്ത്യ, യുഎസ്, ഐക്യരാഷ്ട്രസഭ എന്നിവ ഉപരോധം ഏർപ്പെടുത്തിയ അസ്ഹർ പാക്കിസ്ഥാൻ്റെ മണ്ണിൽ കാലുകുത്തിയാൽ പിടികൂടി ഇന്ത്യയെ ഏൽപ്പിക്കും എന്ന് പാക്കിസ്ഥാൻ മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ ഈയടുത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മസൂദ് അസർ അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരിക്കാമെന്നും പാക്കിസ്ഥാന്റെ മണ്ണിലുണ്ടെന്ന് തെളിവുസഹിതം അറിയിച്ചാൽ അറസ്റ്റ് ചെയ്ത് ഇന്ത്യയ്‌ക്ക് കൈമാറുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.