Saturday, April 11, 2026
Home » ജെഡി വാൻസ് പാക്കിസ്ഥാനിലേക്ക്, കബളിപ്പിച്ചാൽ വഴങ്ങില്ലെന്ന് മുന്നറിയിപ്പ്; ചർച്ചയ്ക്ക് ഉപാധി വച്ച് ഇറാൻ.
യു എസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ്

ജെഡി വാൻസ് പാക്കിസ്ഥാനിലേക്ക്, കബളിപ്പിച്ചാൽ വഴങ്ങില്ലെന്ന് മുന്നറിയിപ്പ്; ചർച്ചയ്ക്ക് ഉപാധി വച്ച് ഇറാൻ.

by Editor
Send your news and Advertisements

വാഷിങ്ടൻ∙ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് പാക്കിസ്ഥാനിലേക്ക് തിരിച്ചു. ചർച്ചകളെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഫലം പോസിറ്റീവ് ആയിരിക്കുമെന്ന് കരുതുന്നുവെന്നുമാണ് ജെ ഡി വാൻസ് പാക് യാത്രയ്ക്ക് മുന്നോടിയായി വിശദമാക്കിയത്. അമേരിക്കയെ കബളിപ്പിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെങ്കിൽ അതിന് വഴങ്ങില്ലെന്ന കർശന മുന്നറിയിപ്പും വാൻസ് മുന്നോട്ട് വച്ചിട്ടുണ്ട്. ഇറാൻ ആത്മാർത്ഥമായി ചർച്ചകൾക്ക് തയ്യാറാണെങ്കിൽ സഹകരിക്കാൻ തങ്ങളും തയ്യാറാണെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചിട്ടുണ്ട്.

“ഇറാൻ ആത്മാർത്ഥതയോടെ ചർച്ചകൾക്ക് തയാറായാൽ, തീർച്ചയായും ഞങ്ങൾ സൗഹൃദഹസ്‌തം നീട്ടും. എന്നാൽ ഞങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ, അത്ര അനുകൂലമായ നിലപാടായിരിക്കില്ല ഞങ്ങൾ സ്വീകരിക്കുകയെന്ന് അവർക്ക് മനസ്സിലാകും“- വാൻസ് പറഞ്ഞു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രത്യേക പ്രതിനിധി സ്‌റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്‌നർ എന്നിവരടങ്ങുന്ന സംഘമാണു ഇസ്‌ലാമാബാദിലേക്ക് തിരിച്ചത്. ഇന്ന് (ശനിയാഴ്‌ച) രാവിലെ ഇസ്‌ലമാബാദിൽ വച്ച് ചർച്ചകളുടെ ആദ്യഘട്ടം ആരംഭിക്കും.

വാഷിംഗ്ടണിലും ടെഹ്റാനിനും ഇടയിൽ ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും നിർണായക ചർച്ചയാണ് ഇസ്ലാമബാദിൽ നടക്കുക. അതേസമയം യുഎസുമായി ചർച്ചകൾ നടത്തുന്നതിന് ഇറാൻ ഉപാധികൾ മുന്നോട്ട് വച്ചു. ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ ചർച്ചകൾ നടക്കുവെന്നാണു ഇറാൻ്റെ നിലപാട്. ലബനനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണം, മരവിപ്പിച്ച തങ്ങളുടെ സ്വത്തുക്കൾ വിട്ടുനൽകണം തുടങ്ങിയവയാണ് ഇറാൻ്റെ ആവശ്യം. ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് മുമ്പ് ഇവ നടപ്പിലാക്കണമെന്നും ഇറാൻ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബഖർ ഗാലിബാവ് പറഞ്ഞു.

ചർച്ചകൾക്കായി ഇറാൻ പ്രതിനിധിസംഘം ഇസ്‌ലാമാബാദിലെത്തി. പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫാണു ഇറാൻ സംഘത്തെ പ്രതിനിധീകരിക്കുക. വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്‌ചിയും സംഘത്തിലുണ്ട്. പാക്ക് വിദേശകാര്യമന്ത്രി ഇഷാഖ് ദർ ആയിരിക്കും ഇന്നത്തെ ചർച്ച നിയന്ത്രിക്കുക.

അതേസമയം ലെബനോനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള മിസൈൽ തൊടുത്തു. ലെബനനിൽ വെടിനിർത്തൽ ഇല്ലെന്ന് ആവർത്തിക്കുകയാണ് അമേരിക്കയും ഇസ്രയേലും. ലബനനുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഇസ്രായേൽ സന്നദ്ധത കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

You may also like

error: Content is protected !!