Thursday, January 29, 2026
Mantis Partners Sydney
Home » ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവച്ചു.
japan-prime-minister-ishiba-resigns

ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവച്ചു.

by Editor

ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവച്ചു. ജൂലൈയിൽ നടന്ന പാർലമെന്റ് ഉപരിസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ സമ്മർദം ശക്തമായതിനെ തുടർന്നാണ് രാജി. ഭരണകക്ഷിയിലെ അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നീക്കം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാജി പ്രഖ്യാപനം.

ദീർഘകാലമായി ജപ്പാനിൽ അധികാരത്തിലുള്ള പാർട്ടിയാണ് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി. ഇഷിബക്ക് പാർലമെൻ്റിൻ്റെ ഇരുസഭകളിലും ഭൂരിപക്ഷം നഷ്‌ടപ്പെട്ടിരുന്നു. പാർട്ടിയിലെ പിളർപ്പ് ഒഴിവാക്കാനാണ് രാജിയെന്ന് ഇഷിബയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

അതേസമയം സ്വമേധയാ രാജിവെക്കാൻ ആവശ്യപ്പെട്ട് കൃഷി മന്ത്രി ഷീൻജീരോ കൊയ്‌സുമി, മുൻ പ്രധാനമന്ത്രി യോഷിഹിഡെ സൂഗ എന്നിവർ ശനിയാഴ്‌ച രാത്രി ഇഷിബയെ കണ്ടിരുന്നതായി ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാർട്ടി നേതാവെന്ന നിലയിൽ ഇഷിബക്ക് 2027 സെപ്റ്റംബർ വരെ കാലാവധിയുണ്ടായിരുന്നു. പാർട്ടിക്ക് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഒക്ടോബറിൽ നടന്നേക്കും.

Send your news and Advertisements

You may also like

error: Content is protected !!