സന: യമൻ തലസ്ഥാനമായ സനയിൽ ഇസ്രയേൽ ബോംബ് ആക്രമണം. രണ്ട് പേർ കൊല്ലപ്പെട്ട് അഞ്ച് പേർക്ക് പരിക്കേറ്റു. യമൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. ഇസ്രയേലിന് നേരെ ഹൂതികൾ തുടർച്ചയായി നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ ആക്രമണമെന്ന് ഐഡിഎഫ് പ്രതികരിച്ചു. ഹൂതികളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമ ആക്രമണത്തില്‍ പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക താവളം, രണ്ട് പവര്‍ സ്റ്റേഷനുകള്‍, ഒരു ഇന്ധന ഡിപ്പോ എന്നിവ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഒരു ഡസനോളം വിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തതായും നാല് ലക്ഷ്യസ്ഥാനങ്ങളിലായി ബോംബുകൾ അടക്കം 30-ൽ അധികം ആയുധങ്ങൾ ഉപയോഗിച്ചതായും ഐഡിഎഫ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
അതേസമയം പാലസ്‌തീനെ പിന്തുക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ഹൂതികൾ വ്യക്തമാക്കി. തലസ്ഥാനമായ സനയിലെ പവർ പ്ലാൻ്റ്, ഗ്യാസ് സ്റ്റേഷൻ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിലാണ് ആക്രമണങ്ങൾ ഉണ്ടായതെന്ന് ഹൂതി മാധ്യമ വിഭാഗം അറിയിച്ചു. പ്രസിഡന്റിൻ്റെ കൊട്ടാരത്തിന് സമീപത്തടക്കം വലിയ സ്ഫോടന ശബ്‌ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.
ഹൂതികൾ കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇസ്രയേലിലേക്ക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുന്നുണ്ട്. ചെങ്കടലിൽ ഇസ്രയേൽ കപ്പലുകളെയും ഹൂതികൾ മുൻപ് ലക്ഷ്യം വച്ചിരുന്നു. ഗാസ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇസ്രയേലിനെതിരെ ഹൂതികൾ ആക്രമണം ആരംഭിച്ചത്.