സനാ: യെമനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ യെമൻ പ്രധാനമന്ത്രി അഹമ്മദ് ഗലേബ് നാസർ അൽ റഹാവി അടക്കമുള്ള ഉന്നത ഹൂതി നേതൃത്വം കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യെമൻ തലസ്ഥാനമായ സനായിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഒരു അപ്പാർട്ട്മെന്റിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിലാണ് ഹൂതികൾ നേതൃത്വം നൽകുന്ന സർക്കാരിൻ്റെ പ്രധാനമന്ത്രി അൽ റഹാവിയും സംഘവും കൊല്ലപ്പെട്ടതെന്ന് യെമനിലെ അൽ-ജുംഹുരിയ ചാനലും ആദൻ അൽ-ഗാദ് പത്രവും റിപ്പോർട്ട് ചെയ്തു. എന്നാൽ ആഗസ്റ്റ് 29 ന്, യെമനിലെ സനയ്‌ക്ക് സമീപം ഒരു ഹൂതി സൈനിക കേന്ദ്രത്തിന് നേരെയാണ് ആക്രമണം എന്നാണ് ഇസ്രായേൽ പ്രതിരോധ സേന (IDF) വ്യക്തമാക്കിയത്.
യെമനിൽ വർഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ തലസ്ഥാനമായ സനാ ഉൾപ്പെടെയുള്ള വടക്കൻ പ്രദേശങ്ങൾ ഭരിക്കുന്നത് ഇറാൻ്റെ പിന്തുണയുള്ള ഹൂതികളാണ്. തെക്ക് ഏദൻ ആസ്ഥാനമായി പ്രസിഡൻ്റ് റഷാദ് അൽ-അലിമിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരും.
ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ ഭീകര സംഘടനകൾ ഉൾപ്പെടുന്ന ഇസ്രയേൽ വിരുദ്ധ സഖ്യത്തിൻ്റെ ഭാഗമാണ് ഹൂതികൾ. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സനായിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തുന്നത്. വ്യാഴാഴ്‌ച നടന്ന ആക്രമണം ഹൂതി രാഷ്ട്രീയ-സൈനിക നേതാക്കളുടെ ഒരു യോഗത്തെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഇസ്രയേലി മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം ഹൂതികൾ ഇസ്രയേലിനെതിരെ യുദ്ധത്തിൽ പങ്കു ചേർന്നിരുന്നു. ഇസ്രയേലിലേക്ക് മിസൈലുകൾ അയക്കുകയും ഇസ്രയേലുമായി ബന്ധമുള്ള അമേരിക്കയുടേത് ഉൾപ്പെടെയുള്ള ചരക്ക് കപ്പലുകൽ ഹൂതികൾ ചെങ്കടലിൽ മുക്കുകയും ചെയ്തിരുന്നു. ഇസ്രയേലും അമേരിക്കയും ഹൂതികൾക്കെതിരെ പല തവണ വ്യോമാക്രമണം നടത്തിയിട്ടുണ്ട്.