ടെൽ അവീവ്: ഗാസയുടെ പൂർണ നിയന്ത്രണം ഇസ്രായേൽ ഏറ്റെടുത്ത് അറബ് സേനയ്ക്ക് ഭരണം കൈമാറുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫോക്സ് ന്യൂസിനോട് പറഞ്ഞു. ഗാസയെ ഇസ്രയേലിനോട് കൂട്ടിച്ചേർക്കാൻ പദ്ധതിയില്ല. മറിച്ച് ഗാസയെ ഒരു ഭരണസമിതി ഏറ്റെടുക്കണമെന്നാണ് ആഗ്രഹം. സുരക്ഷ ഉറപ്പാക്കുന്നതിനായി ഗാസയ്ക്ക് ചുറ്റും ഒരു ‘പ്രതിരോധ വലയം’ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും നെതന്യാഹു പറഞ്ഞു. ഗാസയെ ഇസ്രയേലിനോട് കൂട്ടിച്ചേർക്കാൻ പദ്ധതിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് ബെന്യാമിൻ നെതന്യാഹുവിന്റെ പ്രതികരണം.
ഹമാസിന്റെ പിടിയിലുള്ള 50-ഓളം ഇസ്രായേലി ബന്ദികളിൽ, ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് കരുതുന്ന 20-ഓളം പേർ ഗാസ സിറ്റി, അൽ-മവാസി, ദെയ്ർ അൽ-ബലാഹ് എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലാണ് എന്നാണ് ഇസ്രായേൽ കരുതുന്നത്. ഇസ്രായേലി സൈന്യം ഇതുവരെ ഈ മേഖലയുടെ നിയന്ത്രണം നേടിയിട്ടില്ല. ഗാസയിലെ മാനുഷിക പ്രതിസന്ധിക്ക് കാരണം ഹമാസാണെന്നും ഹമാസിനെ തുടച്ചുനീക്കാനുള്ള ശ്രമത്തിലാണെന്നും ബന്ദികളെ തിരികെ എത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു. പദ്ധതിക്ക് വലിയ സൈനിക നടപടി ആവശ്യമാണെങ്കിലും ഗാസ ഏറ്റെടുക്കില്ല. ഹമാസ് ആയുധങ്ങൾ താഴെ വയ്ക്കുകയും കീഴടങ്ങുകയും ചെയ്യുകയാണെങ്കിൽ യുദ്ധം ഉടൻ അവസാനിക്കുമെന്ന് ഇസ്രയേൽ അധികൃതർ വ്യക്തമാക്കി. ഒക്ടോബർ 7-ലെ ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ തുടങ്ങി പ്രത്യാക്രമണത്തിൽ ഇതുവരെ 61,158 പേർ കൊല്ലപ്പെട്ടതായാണു വിവരം.
അതേസമയം ഗാസയിലെ 81% ജനങ്ങൾക്കും ഭക്ഷ്യോപയോഗം ഏറ്റവും കുറഞ്ഞ നിലയിലാണ് ഇപ്പോഴെന്ന് യുഎന്നിന്റെ ഓഫിസ് ഫോർ കോഓർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് പറഞ്ഞു. പത്തിൽ ഒൻപതു കുടുംബങ്ങളും ഒരുനേരം ഭക്ഷണമെങ്കിലും കിട്ടാനായി നെട്ടോട്ടമോടുകയാണ്. കുട്ടികൾക്കിടയിലെ പട്ടിണിയുടെ നിരക്ക് കഴിഞ്ഞമാസം ഏറ്റവും ഉയർന്ന നിലയിലായെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.
ഗാസ പിടിച്ചെടുക്കാനുള്ള ഒരുക്കവുമായി നെതന്യാഹു സർക്കാർ കൂടിയാലോചനകൾ മുന്നോട്ടുപോകവേ, സൈനികനടപടി തുടരുന്നതിനെ എതിർത്ത് ഇസ്രയേലിൽ അഭിപ്രായ വോട്ടെടുപ്പുകൾ തുടങ്ങി. ഉടൻ വെടിനിർത്തൽ കരാറുണ്ടാക്കി ബന്ദികളെ മോചിപ്പിക്കണമെന്നു വോട്ടെടുപ്പിൽ ആവശ്യമുയർന്നു.